അർഷ്ദീപ് പന്തിൽ കൃത്രിമം കാണിച്ചു എന്ന ഇൻസമാം ഉൾ ഹഖിന്റെ വാദം, കലക്കൻ മറുപടി നൽകി രോഹിത് ശർമ്മ; പറഞ്ഞത് ഇങ്ങനെ

ഇൻസമാം ഉൾ ഹഖിൻ്റെ ഇന്ത്യയ്‌ക്കെതിരായ പന്ത് ചുരണ്ടൽ ആരോപണത്തോട് പ്രതികരിച്ച് രോഹിത് ശർമ്മ രംഗത്ത്. ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിൽ പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യാൻ അർഷ്ദീപ് സിംഗിന് കഴിഞ്ഞുവെന്നും അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം ആണെന്നും ഇൻസി പറഞ്ഞിരുന്നു. അത് സാധ്യമാക്കാൻ ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചു എന്നുമായിരുന്നു മുൻ പാകിസ്ഥാൻ താരത്തിന്റെ വാദം.

“അർഷ്ദീപ് സിംഗ് 15ാം ഓവർ ബോൾ ചെയ്യുന്ന സമയത്ത് അയാൾക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്‌സ് സ്വിംഗ് കണ്ടെത്താനാകുക? 12ാം ഓവറും 13ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നോ? അർഷ്ദീപ് പന്തെറിയാൻ എത്തിയപ്പോൾത്തന്നെ റിവേഴ്‌സ് സ്വിംഗ് ലഭിച്ചു. ഇത്തരം കാര്യങ്ങളിൽ അംപയർമാർ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്. ഇക്കാര്യം ഞാൻ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാകിസ്ഥാൻ താരങ്ങളാണ് ഇതു ചെയ്തതെങ്കിൽ എന്തായിരിക്കും ബഹളം.” ഇൻസി പറഞ്ഞു.

എന്താണ് റിവേഴ്‌സ് സ്വിംഗ് എന്ന് നമുക്കെല്ലാം അറിയാം. അർഷ്ദീപിനേപ്പോലെ ഒരു താരത്തിന് 15ാം ഓവറിൽ റിവേഴ്‌സ് സ്വിംഗ് ലഭിക്കണമെങ്കിൽ ആ പന്തിൽ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്- ഇതായിരുന്നു ഇൻസിയുടെ വാദം.

എന്നാൽ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനൽ പോരാട്ടത്തിന് ഒരു ദിവസം മുമ്പ് നടന്ന വാർത്താ സമ്മേളനത്തിലാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ്റെ ഗുരുതര ആരോപണത്തെക്കുറിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിതിനോട് മാധ്യമങ്ങളെ . ഇൻസമാമിൻ്റെ വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ഇവിടെ വളരെ ചൂടാണ്, പിച്ചുകൾ വരണ്ടതാണ്. ഇവിടെ റിവേഴ്സ് സ്വിംഗ് ഇല്ലെങ്കിൽ, അത് എവിടെ കിട്ടും? ഞങ്ങൾ കളിക്കുന്നത് ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ അല്ല ”രോഹിത് പറഞ്ഞു.

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളിൽ അർഷ്ദീപ് സിംഗ് വളരെ പ്രധാനിയാണ്. വെറും ആറ് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറാണ്. ജസ്പ്രീത് ബുംറയ്ക്കൊപ്പം, ടൂർണമെന്റിലുടനീളം തന്റെ നിയന്ത്രിതവും ആസൂത്രിതവുമായ ബോളിംഗിലൂടെ അർഷ്ദീപ് തുടർച്ചയായ പിന്തുണ നൽകുന്നു. ഇന്ന് ഗയാനയിൽ നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും.