INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരക്കിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മകന്‍ ജനിച്ചതുകൊണ്ട് ആദ്യ മത്സരത്തിന് ഇറങ്ങാതിരുന്ന താരം രണ്ടാം ടെസ്റ്റുമുതലാണ് കളിച്ചുതുടങ്ങിയത്. ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുല്‍-യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ട് ഓപ്പണിങില്‍ തിളങ്ങിയതോടെ മധ്യനിരയിലാണ് രോഹിത് രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. എന്നാല്‍ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ഹിറ്റ്മാന് സാധിച്ചില്ല. പരമ്പരയില്‍ 3-1നാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചുവിട്ടത്. അതേസമയം അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മധ്യനിരയില്‍ ഇറങ്ങി ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ തന്റെ മനസില്‍ വന്ന കാര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് രോഹിത് ശര്‍മ്മ.

“ഞാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു. കുഞ്ഞിനെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന സമയത്ത് കെഎല്‍ രാഹുലിന്റെയും ജയ്‌സ്വാളിന്റെയും ബാറ്റിങ് കണ്ടപ്പോള്‍ എനിക്കത് വളരെ ഇഷ്ടപ്പെട്ടു. ആ സമയം നമ്മള്‍ എന്തിനാണ് ആ ഓപ്പണിങ് സഖ്യത്തെ മാറ്റുന്നതെന്ന് ഞാന്‍ ചോദിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടണമെങ്കില്‍ നമ്മള്‍ തീവ്രമായി ജയിക്കാന്‍ ആഗ്രഹിക്കുന്ന പരമ്പരയാണിത്. എന്നാല്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എനിക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ മുറിയില്‍ തിരിച്ചെത്തിയ സമയം ഞാന്‍ വീണ്ടും ഓപ്പണ്‍ ചെയ്യണോ? എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിച്ചു. പിന്നെ ഒരു കളി കഴിഞ്ഞപ്പോള്‍ മാറ്റമൊന്നും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു”,

“എന്നാല്‍ പിന്നീട് മെല്‍ബണില്‍ കളിക്കാന്‍ പോയ സമയത്ത് ഞങ്ങള്‍ തീരുമാനം മാറ്റുകയും ഞാന്‍ ഓപ്പണിങില്‍ ഇറങ്ങുകയുമായിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ നടന്ന മത്സരത്തിന് മുന്‍പ് ഞാന്‍ പന്ത് അടിക്കുകയായിരുന്നു എന്ന് എനിക്ക് എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തേണ്ടി വന്നു. മറ്റ് ബാറ്റര്‍മാരും ബുദ്ധിമുട്ടുന്നതിനാല്‍ മാത്രം ഞാന്‍ എന്നെതന്നെ അവിടെ നിര്‍ത്താന്‍ ആഗ്രഹിച്ചില്ല. ഗില്‍ നല്ല കളിക്കാരനായതില്‍ അവന്‍ കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ഞാന്‍ ഇത് പരിശീലകനോടും ടൂറിലുണ്ടായിരുന്ന സെലക്ടറോടും സംസാരിച്ചു. എന്നാല്‍ അവര്‍ സമ്മതിച്ചു, സമ്മതിച്ചില്ല എന്ന മട്ടിലായിരുന്നു മറുപടി, രോഹിത് ശര്‍മ്മ വെളിപ്പെടുത്തി.