ബാര്‍ബഡോസില്‍ ഇന്ത്യയെ ടി20 ലോക കിരീടത്തിലെച്ചിച്ച ശേഷം നായകന്‍ രോഹിത് ശര്‍മ ആഘോഷിച്ച വിധങ്ങളിലൊന്ന് ക്രിക്കറ്റ് ലോകകത്തെ വിസ്മയിപ്പിച്ചു. കിരീടത്തിലേക്ക് തങ്ങളെ എത്തിച്ച പിച്ചില്‍ നിന്ന് ഒരു തരി മണ്ണ് നുള്ളിയെടുത്ത് രോഹിത് നാവില്‍ വെച്ചതാണ് ആരാധകരെ വിസ്മയിപ്പിച്ചത്.
പിച്ചില്‍ നിന്ന് മണ്ണ് നുള്ളിയെടുത്ത് രോഹിത് കഴിക്കുന്നതിന്റെ വിഡിയോ ഐസിസിയാണ് പങ്കുവെച്ചത്. ഓര്‍മകളിലേക്ക് ഒന്നുകൂടി എന്ന തലക്കെട്ടോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഫൈനലിന് ശേഷം രോഹിത് ടി20യില്‍നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് കളിക്കാന്‍ ആരംഭിച്ചത് മുതല്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഈ ഫോര്‍മാറ്റിനോട് വിടപറയാന്‍ ഇതിലും നല്ലൊരു സമയം വേറെയില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. ലോകകപ്പ് നേടാനാണ് ഞാന്‍ ആഗ്രഹിച്ചത്, മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.
വിരാട് കോഹ്‌ലിയും ഈ വേദിയില്‍ ടി20 ക്രിക്കറ്റിനോട് വിടപറയുന്നതായി അറിയിച്ചു.’ഇതെന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ടി20 മത്സരവുമാണ്”, കോഹ്ലി പറഞ്ഞു. ‘ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി”, കോഹ്ലി വ്യക്തമാക്കി.