ഐപിഎല്‍ 15ാം സീസണില്‍ തുടര്‍തോല്‍വികളുമായി തകര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. കളിച്ച എട്ട് കളിയിലും അവര്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ വൈകാരികമായ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് രോഹിത്.
‘ഇത്തവണ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ മികച്ച കാല്‍വെപ്പല്ല നടത്തിയിരിക്കുന്നത്. അത് സംഭവിക്കുന്നു. പല പ്രമുഖ കായിക ഇതിഹാസങ്ങളും ഈ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. പക്ഷെ ഈ ടീമിനെയും അതിന്റെ അന്തരീക്ഷത്തേയും ഞാന്‍ സ്നേഹിക്കുന്നു. ഇതുവരെ ടീമിനെ സ്നേഹിക്കുകയും വിശ്വാസം അര്‍പ്പിക്കുകയും ഞങ്ങളുടെ നന്മ ആഗ്രഹിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നു’ എന്നാണ് രോഹിത് കുറിച്ചത്.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നത്. തൊട്ടതെല്ലാം പിഴക്കുന്ന മുംബൈ ബാറ്റിംഗിലും ബോളിംഗിലും പരാജയമാണ്.
തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റ മുംബൈ സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമായി മാറിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കുകയും ഭാഗ്യം തുണച്ചാലും മാത്രമേ മുംബൈയ്ക്ക് പ്ലേഓഫ് പ്രതീക്ഷയുള്ളു.