'എനിക്കെതിരെ രോഹിത് അക്കാര്യം പ്രയോജനപ്പെടുത്തി'; ടി20 ലോകകപ്പിലെ മര്‍ദ്ദനത്തെ കുറിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 മത്സരത്തിനിടെ രോഹിത് ശര്‍മ്മ നടത്തിയ കടന്നാക്രമണത്തെക്കുറിച്ച് മനസുതുറന്ന് ഓസ്ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. മത്സരത്തില്‍ രോഹിത് സ്റ്റാര്‍ക്കിനെതിരെ താരം എറിഞ്ഞ രണ്ടാം ഓവറില്‍ 28 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഞാന്‍ അവനെതിരെ ഒരുപാട് കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നല്ലൊരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങള്‍ക്കെതിരെ അവന്‍ നന്നായി കളിച്ചു. അവന്‍ സെന്റ് ലൂസിയയിലും കാറ്റിനെ ലക്ഷ്യം വച്ചതായി ഞാന്‍ കരുതുന്നു. നിങ്ങള്‍ ഓരോ അറ്റത്തുനിന്നുമുള്ള റണ്‍സ് നോക്കുകയാണെങ്കില്‍, ഒരറ്റത്ത് ഒരുപാട് റണ്‍സ് ചോര്‍ന്നതായി കാണാം. ഞാന്‍ ആ അറ്റത്ത് നിന്ന് പന്തെറിഞ്ഞു, അവന്‍ അവയെല്ലാം സിക്‌സറിന് അയച്ചു- സ്റ്റാര്‍ക്ക് പറഞ്ഞു.

ഡീപ് എക്സ്ട്രാ കവറിനു മുകളിലൂടെ കൂറ്റന്‍ സിക്സര്‍ പറത്തി ഓവര്‍ തുടങ്ങിയ ഇന്ത്യന്‍ നായകന്‍ അടുത്ത പന്തിലും അതുതന്നെ ചെയ്തു. ശേഷം അടുത്ത പന്തുകളിലും ഇന്ത്യന്‍ ഓപ്പണര്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സും പറത്തി. സ്പീഡ്സ്റ്റര്‍ ഓവറില്‍ നിന്ന് ഒരു വൈഡില്‍ നിന്ന് ഒരു റണ്‍ എക്സ്ട്രാ ഉള്‍പ്പെടെ 29 റണ്‍സ് വിട്ടുകൊടുത്തു.

എന്നാല്‍ പിന്നീട് എറിഞ്ഞ ഓവറില്‍ സ്റ്റാര്‍ക്ക് ഒരു യോര്‍ക്കര്‍ ഉപയോഗിച്ച് രോഹിത്തിനെ പുറത്താക്കുകയും നാല് ഓവറില്‍ 2/45 എന്ന കണക്കില്‍ തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഏഴ് ഫോറുകളുടെയും സിക്സുകളുടെയും സഹായത്തോടെ രോഹിത് 92 (41) എന്ന മികച്ച ഇന്നിംഗ്സ് കളിച്ചു. ഇത് ടി20 ലോകകപ്പ് ചരിത്രത്തിലെ ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും ടൂര്‍ണമെന്റിലെ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും കൂടിയായിരുന്നു.