ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റതോടെ രോഹിത് ശർമ്മ കടുത്ത ചില തീരുമാനങ്ങൾ എടുക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ അതിദയനിയ പ്രകടനമാണ് നടത്തിയത്. ഏഷ്യൻ രാജ്യത്ത് തുടർച്ചയായി മൂന്ന് ടെസ്റ്റുകളിൽ വിജയം രേഖപ്പെടുത്തുന്ന ഫോർമാറ്റിൻ്റെ ചരിത്രത്തിലെ ആദ്യ ടീമായി കിവീസ് മാറി.
37 കാരനായ ഇന്ത്യൻ താരം ബാറ്റിംഗിലും ക്യാപ്റ്റനെന്ന നിലയിലും മോശം പ്രകടനമാണ് നടത്തിയത്. 2024 ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം രോഹിത് ടി20 ഐകളിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ഫോർമാറ്റിൽ ഏറെ നാളായി നടത്തുന്ന മോശം പ്രകടനം താരം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഓസ്‌ട്രേലിയയിൽ പരാജയപ്പെട്ടാൽ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.
“നമുക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടി വരും, രോഹിത് ശർമ്മ ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ, അവൻ റെഡ്-ബോൾ ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് എനിക്ക് തോന്നുന്നു. ഏകദിനത്തിൽ കളിക്കും. ടി20യിൽ നിന്ന് അദ്ദേഹം നേരത്തെ വിരമിച്ചിരുന്നു. അവൻ ചെറുപ്പമായിട്ടില്ലെന്ന് നാം ഓർക്കണം, ”അദ്ദേഹം പറഞ്ഞു.
തൻ്റെ തെറ്റുകൾ അംഗീകരിച്ച രോഹിതിനെ ശ്രീകാന്തും പ്രശംസിച്ചു. “രോഹിത്തിന് ധൈര്യമുണ്ടായിരുന്നു, തൻ്റെ തെറ്റുകൾ അംഗീകരിക്കുകയും ചെയ്തു. അത് ചെയ്യുന്നത് തന്നെ വലിയ കാര്യമാണ്. നിങ്ങളുടെ തെറ്റ് അംഗീകരിക്കുന്നത് പ്രധാനമാണ്. അത് വലിയ കളിക്കാരുടെ ഗുണമാണ്. എൻ്റെ അഭിപ്രായത്തിൽ അവൻ വീണ്ടെടുക്കലിൻ്റെ പാതയിലാണ്.” മുൻ താരം പറഞ്ഞു.