അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റോസ് ടെല്‌ലറിന് തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ്. ടെയ്‌ലര്‍ ലോകോത്തര താരമാണെന്നും അദ്ദേഹത്തിനൊപ്പം കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
‘ടെയ്‌ലര്‍ ലോകോത്തര താരമാണ്. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തിനൊപ്പം ഏറെ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലടക്കമുള്ള അവിസ്മരണീയ നിമിഷങ്ങള്‍ ടെയിലര്‍ക്കൊപ്പം പങ്കിടാനായി’ കെയ്ന്‍ വില്യംസണ്‍ പ്രതികരിച്ചു.
റോസ് ടെയ്‌ലറെ പരിശീലകന്‍ ഗാരി സ്റ്റീഡും പ്രശംസിച്ചു. ‘ടീമില്‍ ഏറ്റവുമധികം ബഹുമാനം നേടിയ താരങ്ങളിലൊരാളാണ്. അവിസ്മരണീയ കരിയറില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദിയറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിഭ ലോകോത്തരമാണ്’ എന്നും സ്റ്റീഡ് പറഞ്ഞു.
2006 ല്‍ ന്യൂസിലന്റ് ടീമില്‍ അരങ്ങേറ്റം നടത്തിയ ടെയ്‌ലര്‍ അതിന് ശേഷം ന്യൂസിലന്റ് ബാറ്റിംഗ് നിരയിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയിരുന്നു. ന്യൂസിലന്റിന് വേണ്ടി ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളതും ടെയ്‌ലറാണ്. 445 മത്സരങ്ങളാണ് കിവീസിനായി ടെയ്‌ലര്‍ കളത്തിലിറങ്ങിയത്. ഇതില്‍ 110 ടെസ്റ്റ് മത്സരവും 233 ഏകദിനവും 102 ട്വന്റി20 മത്സരങ്ങളും പെടും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 18,074 റണ്‍സും അടിച്ചുകൂട്ടി.
ന്യൂസിലന്റ് ക്രിക്കറ്റില്‍ അനേകം റെക്കോഡുള്ളയാളാണ് റോസ് ടെയ്‌ലര്‍. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ടെയ്‌ലര്‍ ന്യൂസിലന്റിനായി എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ ശതകവും കുറിച്ചിട്ടുള്ളയാളാണ്. ടെസ്റ്റില്‍ 7,584 റണ്‍സ് നേടിയിട്ടുള്ള ടെയ്‌ലര്‍ ഏകദിനത്തില്‍ 8,581 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ നേടിയ 21 സെഞ്ച്വറികള്‍ ഉള്‍പ്പെടെ എല്ലാ ഫോര്‍മാറ്റിലും കൂടി കുറിച്ചത് 40 സെഞ്ച്വറികളാണ്. ക്രിക്കറ്റിന്റെ എല്ലാ വിഭാഗത്തിലും 100 മത്സരം തികയ്ക്കുന്ന ആദ്യ ന്യൂസിലന്റ് താരം കൂടിയാണ്. 2015 ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്ക് എതിരേ നേടിയ 290 ആണ് ഉയര്‍ന്ന സ്‌കോര്‍.