കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തായ ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ വീണ്ടും നെറ്റിലേക്ക് തിരിച്ചെത്തി പരിശീലനം പുനരാരംഭിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരിക്കേറ്റ് സാംസൺ വിശ്രമത്തിലായിരുന്നു, ആ മത്സരത്തിൽ സൂപ്പർ ഓവറിൽ ഫ്രാഞ്ചൈസി പരാജയപ്പെടുക ആയിരുന്നു.
7 മത്സരങ്ങളിൽ നിന്ന് 143.57 എന്ന മികച്ച സ്ട്രൈക്ക് റേറ്റും 37.33 എന്ന ശരാശരിയുമായി സാംസൺ സീസണിൽ 227 റൺസ് നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ധരിക്കാൻ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഇതുവരെ അനുമതി ലഭിക്കാത്തതിനാൽ, ആദ്യ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ഒരു ഇംപാക്ട് പ്ലെയറായിട്ടാണ് കളിച്ചത്. ആ സമയത്ത്, ടീമിനെ നയിച്ചത് പരാഗായിരുന്നു, ആദ്യ 3 മത്സരങ്ങളിൽ 2 എണ്ണത്തിലും രാജസ്ഥാൻ പരാജയപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിൽ പരാഗിന്റെ തിരഞ്ഞെടുപ്പ് വ്യാപകമായി വിമർശിക്കപ്പെട്ടു.
നാലാം മത്സരത്തിൽ സാംസൺ ക്യാപ്റ്റനായി എത്തി വിജയത്തോടെയാണ് തുടങ്ങിയത്, പക്ഷേ വീണ്ടും ടീം തോൽവികൾ ഏറ്റുവാങ്ങാൻ തുടങ്ങി. ആദ്യ 7 മത്സരങ്ങളിൽ, ആർആറിന് രണ്ട് തവണ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. ബാറ്റിംഗിൽ സ്ഥിരത പുലർത്തുന്ന അവരുടെ ഒരേയൊരു പ്രകടനക്കാരനായ സാംസൺ പരിക്കേറ്റ് ഡൽഹിക്ക് എതിരായ മത്സരത്തിൽ പുറത്തായി. പരാഗ് ഉൾപ്പെടെയുള്ള അവരുടെ ബാറ്റ്‌സ്മാൻമാർക്ക് ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതിനാൽ ഇത് ടീമിന് വലിയ തിരിച്ചടിയായി.
10 മത്സരങ്ങൾ കളിച്ചിട്ടും ആർആർ 2 വിജയങ്ങളുമായി തുടരുന്നു. ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ അവർ അവസാന സ്ഥാനക്കാരിൽ രണ്ടാം സ്ഥാനത്താണ്. നെറ്റ് റൺ റേറ്റിന്റെ കാര്യത്തിൽ എംഎസ് ധോണിയുടെ സിഎസ്‌കെയ്ക്ക് മുകളിൽ മാത്രം ആണ് അവർ ഇപ്പോൾ. എന്തായാലും ഈ 2 ടീമുകളും ടൂർണമെന്റിന്റെ അടുത്ത റൗണ്ടിൽ എത്താതെ പുറത്തായി കഴിഞ്ഞു.
സാംസണിന്റെ നെറ്റ്സിലേക്കുള്ള തിരിച്ചുവരവ് ആർആർ ക്യാമ്പിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും എന്ന് ഉറപ്പാണ്. അതേസമയം താരം ഇന്ന് നടക്കുന്ന മത്സരത്തിൽ ഇറങ്ങുമോ എന്നുള്ളത് കണ്ടറിയണം.
— Rajasthan Royals (@rajasthanroyals) April 28, 2025