രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ശേഷം ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഒരു ആശങ്കാജനകമായ സംഭവം അരങ്ങേറി. സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് ഒരു ആരാധകൻ വിരാട് കോഹ്‌ലിയെ കാണാൻ മൈതാനത്തേക്ക് ഓടിക്കയറുക ആയിരുന്നു.
മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസ് കളിക്കാരുമായും പരിശീലകരുമായും കോഹ്‌ലി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സംഭവം. മുന്നറിയിപ്പില്ലാതെ, ആരാധകൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കോഹ്‌ലിയുടെ അടുത്തേക്ക് പാഞ്ഞു. ഒരു നിമിഷം ഒന്ന് ഞെട്ടിയ കോഹ്‌ലി പെട്ടെന്ന് തന്നെ ആരാധകന്റെ ശ്രദ്ധയിൽ പെടാതെ ഓടുന്നതും വിഡിയോയിൽ കാണാം.
ആരാധകരുടെ ആവേശവും കളിക്കാരുടെ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് ഈ സംഭവം തുടക്കമിട്ടു. ക്രിക്കറ്റിനോടുള്ള ആരാധകരുടെ അഭിനിവേശം നിഷേധിക്കാനാവാത്തതാണെങ്കിലും, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഉണ്ടാകുന്ന അപകടാവസ്ഥയും ബിസിസിഐ ശ്രദ്ധിക്കണം എന്നും വേണ്ട നടപടി എടുക്കണം എന്നും ഉള്ള ആവശ്യം ശക്തമാണ്.
മത്സരത്തിലേക്ക് വന്നാൽ കോഹ്‌ലി, ആർസിബിക്ക് മറ്റൊരു വിജയം നേടിക്കൊടുത്തുകൊണ്ട് താൻ ഒരു ചേസ്മാസ്റ്റർ ആണെന്ന് വീണ്ടും തെളിയിച്ചു. ഫിൽ സാൾട്ട് ആർആർ ബൗളർമാരെ ആക്രമിച്ച് നേരിട്ടതോടെ കോഹ്‌ലി മന്ദഗതിയിലുള്ള തുടക്കമാണ് നടത്തിയത്. 33 പന്തിൽ നിന്ന് 65 റൺസ് നേടി അദ്ദേഹം ഒരു ദയയും കാണിച്ചില്ല. മറുവശത്ത്, മത്സരത്തിൽ നിർണായകമായ 62 റൺസ് നേടിയ കോഹ്‌ലി, ടൂർണമെന്റിലെ നാലാം വിജയം നേടാൻ ആർസിബിയെ സഹായിച്ചു.
ആദ്യം ബാറ്റ് ചെയ്ത ആർആർ 173 റൺസാണ് നേടിയത്. മന്ദഗതിയിലുള്ള തുടക്കം ആയിരുന്നിട്ടും, ജയ്‌സ്വാളിന്റെ 75 റൺസിന്റെയും റിയാൻ പരാഗ് (30), ധ്രുവ് ജുറൽ (35*) എന്നിവരുടെ മികച്ച സംഭാവനകളുടെയും സഹായത്തോടെ റോയൽസ് ബോർഡിൽ 173/4 എന്ന സ്കോർ നേടി.