ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന സംഘത്തിലേക്ക് ഋതുരാജിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ പ്രതികരണം.
‘ശരിയായ സമയത്താണ് ഋതുരാജിന് അവസരം വന്നെത്തിയിരിക്കുന്നത്. നേരത്തെ ടി20 ടീമില്‍ അവന്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലും. രാജ്യത്തിന് വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഋതുരാജിന് കഴിയും എന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്.’
‘ഞങ്ങള്‍ ഋതുരാജിനെ തെരഞ്ഞെടുത്തു. ഇനി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ടീം മാനേജ്മെന്റിന് തീരുമാനിക്കാം. കോമ്പിനേഷനില്‍ ഇണങ്ങുമ്പോഴും ഋതുരാജിനെ ആവശ്യം വരുമ്പോഴും ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാം’ ചേതന്‍ ശര്‍മ പറഞ്ഞു.
കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. വിജയ് ഹസാരെയില്‍
അഞ്ച് കളിയില്‍ നിന്ന് വാരിക്കൂട്ടിയത് 603 റണ്‍സാണ്. ഇതില്‍ നാല് സെഞ്ച്വറികളും ഉള്‍പ്പെടും.