കോഹ്ലിയുടെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നില്ലെന്ന് സച്ചിന്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി അത്യുഗ്രന്‍ ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. റെക്കോഡുകള്‍ ഓരോന്നായി വിരാടിനു മുന്നില്‍ വഴിമാറുകയാണ്. 29 വയസ്സിനിടയില്‍ തന്റെ അക്കൗണ്ടില്‍ 53 സെഞ്ച്വറി തികയ്ക്കാനും കോഹ്‌ലിക്കായി.

ഇന്നലെയാണ് ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി ഇന്ത്യന്‍ നായകന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് അഭിനന്ദനവുമായി ക്രക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തി. ഐസിസി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ഐസിസി റാങ്കിംഗില്‍ റേറ്റിങ് പോയിന്റ് 900 തികച്ചതിനും പിന്നാലെയാണ് സച്ചിന്‍ കോഹ്ലിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് സച്ചിന്‍ കോഹ്‌ലിക്ക് അഭിനന്ദനമറിയിച്ചത്.

ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല കോഹ്ലിയുടെ നേട്ടങ്ങള്‍, നിങ്ങള്‍ അര്‍ഹിക്കപ്പെട്ടതാണ്, ഒരുപാട് അഭിനന്ദനങ്ങള്‍ എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 900 പോയിന്റ് നേടി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമായി മാറിയിരുന്നു കോഹ്‌ലി. ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കറിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് കോഹ്ലി.സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നീ ഇന്ത്യന്‍ താരങ്ങളും 900 പോയിന്റിന് സമീപമെത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും 900 എന്ന പോയന്റ്‌തൊ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 2002 ല്‍ സച്ചിന്‍ 898 പോയിന്റും 2005 ല്‍ ദ്രാവിഡ് 892 പോയിന്റും സ്വന്തമാക്കിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ 900 പോയിന്റ് നേടുന്ന 31-ാമത് ബാറ്റ്‌സ്മാന്മാണ് വിരാട് കോഹ്ലി. ഡോണ്‍ ബ്രാഡ്മാനാണ് (961 പോയിന്റ്) പട്ടികയില്‍ ഒന്നാമന്‍. സ്റ്റീവ് സ്മിത്ത് (947), ലെന്‍ ഹട്ടണ്‍ (945), റിക്കി പോണ്ടിങ് (942), ജാക് ഹോബ്‌സ് (942) എന്നിവരാണ് ബ്രാഡ്മാന് പിന്നിലുളളത്

കഴിഞ്ഞ സീസണില്‍ എട്ടു സെഞ്ച്വറി ഉള്‍പ്പടെ 2203 റണ്‍സാണ് കോലി അടിച്ചെടുത്തത്. 77.80 ആയിരുന്നു ഇന്ത്യന്‍ നായകന്റെ ശരാശരി. നാലു പുരസ്‌ക്കാരങ്ങളാണ് കോലി സ്വന്തമാക്കിയത്. മികച്ച താരം, മികച്ച ഏകദിനതാരം, ഏകദിന ക്യാപ്റ്റന്‍, ടെസ്റ്റ് ക്യാപ്റ്റന്‍ എന്നിവയാണ് കോലി നേടിയ പുരസ്‌ക്കാരങ്ങള്‍.