അർജുൻ ടെണ്ടുൽക്കർ തൻ്റെ കീഴിലുള്ള പരിശീലനം നിർത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ യോഗ്‌രാജ് സിംഗ്. 2022ൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ യുവരാജ് സിംഗിൻ്റെ പിതാവിൻ്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം നടത്തിയത്. ആളുകൾ സച്ചിന്റെ മകന്റെ വിജയത്തിന് തനിക്ക് ക്രെഡിറ്റ് നല്കാൻ ഇഷ്ടപ്പെട്ടില്ല എന്നും യുവിയുടെ പിതാവ് പറഞു. തൻ്റെ കീഴിൽ 12 ദിവസം പരിശീലനം നേടിയ യുവ ഓൾറൗണ്ടർ പിന്നീട് രഞ്ജി ട്രോഫിയിൽ സെഞ്ച്വറി നേടിയതായി അദ്ദേഹം വെളിപ്പെടുത്തി. തൻ്റെ കീഴിൽ ഉള്ള പരിശീലനത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അർജുൻ ഐപിഎൽ കരാർ സ്വന്തമാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു.
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ ചണ്ഡീഗഡിലെ യോഗ്‌രാജിൻ്റെ ക്രിക്കറ്റ് അക്കാദമിയിൽ രണ്ടാഴ്ചയിൽ താഴെ പരിശീലനം നടത്തി. പിന്നാലെ യുവതാരത്തിന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരാർ ലഭിച്ചതിന് ശേഷം അദ്ദേഹം യോഗ്‌രാജ് സിംഗിൻ്റെ കീഴിൽ പരിശീലനം തുടർന്നില്ല. “സച്ചിൻ്റെ മകൻ, അവൻ 12 ദിവസത്തേക്ക് ഇവിടെ വന്ന് പരിശീലനം നടത്തി. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടി ”യോഗ്‌രാജ് പറഞ്ഞു.
എന്റെ കീഴിൽ പരിശീലനം നടത്തി പിന്നാലെ തന്നെ സെഞ്ച്വറി നേടിയ ശേഷം ഐപിഎല്ലിൽ താരത്തിന് കരാർ കിട്ടി. ആ സമയത്ത് അവന്റെ വിജയത്തിന്റെ ക്രെഡിറ്റ് എനിക്ക് പോകുമെന്ന് ആളുകൾ ഭയപ്പെട്ടു. അർജുൻ്റെ പേര് തന്നോടൊപ്പം ചേർക്കാൻ ആളുകൾ ആഗ്രഹിക്കുന്നില്ലെന്ന് യോഗരാജ് വെളിപ്പെടുത്തി. “എന്റെ പേര് അവനോട് ചേർത്ത് പറയാൻ ആളുകൾ ഭയപ്പെട്ടു. ഞാൻ യുവിയോട് (യുവരാജ്) സച്ചിനെ വിളിച്ച് എനിക്ക് ഒരു വർഷത്തേക്ക് അർജുനെ തരാൻ ആവശ്യപ്പെടാൻ പറഞ്ഞു. അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാണുക,” 66-കാരൻ കൂട്ടിച്ചേർത്തു.
അർജുൻ ടെണ്ടുൽക്കർ വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മാന്യമായി പ്രകടനം നടത്തിയെങ്കിലും സ്ഥിരത കാണിക്കാറില്ല. കഴിഞ്ഞ 2 സീസണുകളിലായി മുംബൈ ഇന്ത്യൻസിന് വേണ്ടി താരം 5 ഐപിഎൽ മത്സരങ്ങൾ കളിച്ചു. ഐപിഎൽ 2025 മെഗാ ലേലത്തിൽ താരത്തെ മുംബൈ ഇന്ത്യൻസ് ടീമിൽ തന്നെ എടുത്തു.