അദ്ദേഹത്തെ ഒരു തരം പകയോടെ സച്ചിന്‍ കൈകാര്യം ചെയ്തു, എന്നിട്ടും അയാള്‍ ഇന്ത്യയെ വിറപ്പിച്ചു കൊണ്ടേ ഇരുന്നു

ഹെന്റി ഒലോംഗ ആരാണ്?? അയാളെ എങ്ങനെ ചരിത്രത്തില്‍ അടയാളപ്പെടുത്തണം??
അയാള്‍ ഒരു സാംബിയക്കാരനാണ് കെനിയക്കാരനാണ്, സിംബാബ് വെക്കാരനാണ്  ഇംഗ്‌ളണ്ടുകാരനാണ് ആസ്‌ട്രേലിയക്കാരനാണ്. അയാളുടെ മേഖലയിലേക്ക് പോയാല്‍ അയാള്‍ ഒരു അത്‌ലറ്റ് ആണ് റഗ്ബി പ്‌ളെയര്‍ ആണ് ക്രിക്കറ്റ് താരമാണ് ഒരു പ്രാസംഗികനാണ് ഗായകനാണ്  നാടകനടനാണ് ചിത്രകാരനാണ്.

സിംബാബ്വെ ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയങ്ങളില്‍ അയാളുടെ കൈയ്യൊപ്പുകള്‍ കാണാം, അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനത്തിന് ഉടമയാണയാള്‍. 8 വര്‍ഷത്തെ കരിയറില്‍ 3 ലോകകപ്പ് ടീമിലംഗമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യയെ എന്നും വേട്ടയാടിയിരുന്ന അയാള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പോലും അയാള്‍ ഓര്‍മ്മിക്കപ്പെടുന്നത് സച്ചിന്റെ ഷാര്‍ജയിലെ പ്രഹരവും സഹീര്‍ ഖാന്റെ 4 തുടര്‍ സിക്‌സറുകളുടെ പേരിലുമാണെന്നതാണ് ഏറെ വിരോധാഭാസം.

സത്യത്തില്‍ പിന്നീട് സച്ചിന്‍ പോലും വേദനിച്ചിട്ടുണ്ടാകാം ആ ബൗളറെ അങ്ങനെ മര്‍ദ്ദിച്ചതില്‍. കാരണം ജീവിതത്തിന്റെ തീച്ചൂളകള്‍ക്കിടയിലൂടെ ഓടി വന്ന് ഒടുവില്‍ സച്ചിന്‍ എന്ന ഇതിഹാസത്തെ അത്ഭുതപ്പെടുത്തിയ പന്തെറിഞ്ഞ് ആ വിക്കറ്റെടുത്തപ്പോള്‍ ഹെന്റി ഒലോംഗ എന്ന ബഹുമുഖ പ്രതിഭയ്ക്ക് ആഘോഷിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. തന്റെ സന്തോഷം മറച്ചുവെക്കാന്‍ പറ്റിയിരുന്നെങ്കില്‍ അത് അയാള്‍ അയാളുടെ മനസ്സിനോട് ചെയ്യുന്ന അനീതി ആയേനെ.

യഥാര്‍ത്ഥത്തില്‍ ഒലോംഗ നേരിട്ടവരില്‍ ഏറ്റവും കടുത്ത എതിരാളി സച്ചിന്‍ ആയിരുന്നില്ല. സച്ചിനെന്ന ഇതിഹാസത്തെ ഒരിക്കലും മറക്കാത്ത രീതിയില്‍ നിശബ്ദനാക്കി പന്തെറിഞ്ഞ അയാള്‍ തന്റെ രാജ്യത്തെയും ക്രിക്കറ്റ് ലോകത്തെയും തന്നെ നിശബ്ദനാക്കിയ ഒരു ചരിത്രത്തിന് കൂടി ഉടമയാണ്. 18 ആം വയസ്സില്‍ തുടങ്ങി 26ആം വയസ്സില്‍ ഒലോംഗ തന്റെ കരിയറിലെ ഏറ്റവും മികച്ച യോര്‍ക്കറിലൂടെ ക്‌ളീന്‍ ബൗള്‍ ചെയ്തത് തന്റെ രാജ്യത്തെ ഏകാധിപതിയായ സാക്ഷാല്‍ മുഗാബേയെയായിരുന്നു. അന്ന് അയാള്‍ ക്രിക്കറ്റിനോട് എന്നന്നേക്കുമായി വിട പറയുമ്പോള്‍ അത് സിംബാബ് വേ ക്രിക്കറ്റിന്റെ പ്രതാപകാലത്തിന്റെ ജീര്‍ണതയുടെ തുടക്കം കൂടിയായിരുന്നു.

ജീവിതത്തില്‍ ഒരു ബൗളറും നേരിടാത്ത പ്രതിസന്ധിയായിരുന്നു 1998 ല്‍ ഷാര്‍ജയില്‍ ത്രിരാഷ്ട്ര ഫൈനലില്‍ ഒലോംഗയെ കാത്തിരുന്നത്. സച്ചിന്‍ ഒരു തരം പകയോടെ കൈകാര്യം ചെയ്തപ്പോള്‍ ഒലോംഗ അപമാനിക്കപ്പെട്ടതായിപലര്‍ക്കും തോന്നിയേക്കാം. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അയാളെപ്പോലെ വിജയിച്ചവര്‍ അപൂര്‍വ്വമാകാം.

ഫൈനലിന് 2 ദിവസം മുന്‍പ് ഒലോംഗയെക്കാള്‍ സന്തോഷിച്ച മറ്റൊരാള്‍ ഉണ്ടാകില്ല. ഷാര്‍ജയില്‍ വെറും 205 റണ്‍സ് മാത്രം എടുത്ത സിംബാബ്വേ നായകന്‍ കാംപ് ബെല്ലിന്റ പ്രതീക്ഷ 140 + വേഗതയില്‍ പന്തെറിയുന്ന തന്റെ വജ്രായുധം തന്നെയായിരുന്നു . അയാളുടെ പന്തുകളില്‍ അത്ഭുതം കാത്ത നായകന്‍ പ്രതീക്ഷിച്ചതിനേക്കാളും അത്ഭുതമാണ് പിന്നീട് അയാള്‍ തീര്‍ത്തത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സൗരവ് ഗാംഗുലി എല്‍.ബി.ഡബ്ല്യു. നാലാം ഓവറിലെ മൂന്നാം പന്തില്‍ വന്‍മതില്‍ ദ്രാവിഡ് പുറത്തേക്ക്. ഇന്ത്യ 19 ന് 2. ആറാം ഓവറില്‍ സ്വപ്ന നിമിഷം. ക്രിക്കറ്റ് ഇതിഹാസത്തിന് ബാറ്റ് ചുംബിച്ചു പന്ത് കീപ്പറുടെ കൈകളിലേക്ക്. പക്ഷെ അതിവേഗക്കാരനെ ഭാഗ്യം തുണച്ചില്ല, നോബോള്‍.

അടുത്ത നിമിഷം പക്ഷെ ഗുഡ് ലെങ്ങ്ത്തില്‍ പിച്ച് ചെയ്ത് അപ്രതീക്ഷിതമായ വന്ന ക്വിക്ക് ബൗണ്‍സര്‍ സച്ചിനെ ശരിക്കുംഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിന് മുന്‍പ് എഡ്ജ് ചെയ്ത് ഉയര്‍ന്ന പന്ത് ഗ്രാന്റ് ഫ്‌ളവറിന്റെ കയ്യില്‍ വിശ്രമിക്കുമ്പോള്‍ 12 പന്തില്‍ 11 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ഇന്ത്യ 5.3 ഓവറില്‍ 28 ന് 3 . ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവനെ അമ്പരപ്പിച്ചത് അയാള്‍ ആക്രോശിച്ച് ആഘോഷിക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അയാളോട് ഒരു തരം പകയാണ് തോന്നിയത്.

തലകുനിച്ച് പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഒരു മിന്നായംപോലെ ആ ആഘോഷം കണ്ട സച്ചിന്റെ മനസിലും അതേ പക തോന്നിയത് സ്വാഭാവികം. സ്വതവേ പ്രതികാരം മനസ്സില്‍ സൂക്ഷിക്കാത്ത സച്ചിനെ ആ ആഘോഷം വല്ലാതെ ഉലച്ചിരുന്നത് പോലെ തോന്നി.

ജഡേജയെ പുറത്താക്കി ഇന്ത്യയെ 75 ന് 5 എന്ന നിലയില്‍ എത്തിച്ച ഒലോംഗ ഒരേ മാച്ചില്‍ സച്ചിന്‍ ,ഗാംഗുലി ,ദ്രാവിഡ് ,ജഡേജ എന്നിവരെ പുറത്താക്കി 8 -0-46-4 എന്ന സ്‌പെല്ലിന് പുറമെ നയന്‍ മോംഗിയയെ റണ്ണൗട്ടാക്കുകയും ചെയ്ത് മത്സരത്തിലെ ഹീറോ ആയി.

പിന്നീടുള്ള കാര്യങ്ങള്‍ സച്ചിന്‍ വിചാരിച്ചത് പോലെയായിരുന്നു. ശ്രീലങ്ക നേരത്തെ പുറത്തായത് കൊണ്ട് ത്രിരാഷ്ട്ര കൊക്കകോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ അവസാന ലീഗ് മാച്ച് ഒരു ഡ്രസ് റിഹേഴ്‌സല്‍ മാത്രമായിരുന്നു.

പോരാട്ടം മനസ്സില്‍ സൂക്ഷിച്ച സച്ചിന്‍ കരിയറിലാദ്യമായി ഒരു വിഷപ്പാമ്പിനെ പോലെ പ്രതികാരം വീട്ടുന്ന ഒരു അപൂര്‍വ കാഴ്ചയാണ് രണ്ടുദിവസം കഴിഞ്ഞ് ഫൈനലില്‍ ഷാര്‍ജ കണ്ടത്. തലങ്ങും വിലങ്ങും ഗ്രൗണ്ടിന്റെ ഓരോ മുക്കിലും മൂലയിലും ഒലോംഗയുടെ പന്തുകളെ പായിച്ച സച്ചിന്‍ അയാളുടെ ഓരോ പന്തിലും സിക്‌സറോ ഫോറോ അടിക്കുന്നതു പോലുള്ള പ്രതീതി ജനിപ്പിച്ചു.

ഒലോംഗയുടെ ആദ്യ 4 ഓവറില്‍ 41 പിറന്നപ്പോള്‍ 28 ഉം നേടിയത് സച്ചിന്‍. ഒലാംഗ 6 ഓവറില്‍ 51 റണ്‍സ് വഴങ്ങിയപ്പോള്‍ അവര്‍ ഉയര്‍ത്തിയ 196 ലക്ഷം ഇന്ത്യ മറികടന്നത് വെറും 30 ഓവറുകളിലായിരുന്നു. 71 പന്തില്‍ സെഞ്ചുറി തികച്ച സച്ചിന്‍ പുറത്താകാതെ 124 റണ്‍സ് അടിച്ചപ്പോള്‍ ഗാംഗുലി 63 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രതികാരത്തിന്റെ തിരക്കഥ നിറഞ്ഞ മാച്ചിനൊടുവില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം.

ഒലോംഗ പക്ഷെ തളര്‍ന്നില്ല. എന്നും പ്രതിസന്ധികളെ കരുത്താക്കിയ അയാള്‍ തിരിച്ചു വന്നു. ഒരുമാസത്തിനു മുന്‍പ് ഹരാരെയില്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു ഒലോംഗ. ബോളിങ് ആക്ഷനും പരിക്കുകളും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കാരണം രണ്ടുവര്‍ഷത്തിനുശേഷം ടെസ്റ്റിലേക്ക് തിരിച്ചുവരുമ്പോള്‍ അയാള്‍ക്ക് 7 ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ മാത്രമായിരുന്നു സമ്പാദ്യം.

221 റണ്‍സ് അടിച്ച സിംബാബ് വെക്കെതിരെ ഇന്ത്യ 59 റണ്‍സ് ലീഡ് നേടിയപ്പോള്‍ മോംഗിയ, സിദ്ധു ,അസ്ഹര്‍,ഗാംഗുലി, റോബിന്‍ സിങ് എന്നിവരെ പുറത്താക്കിയ ഒലോംഗയുടെ 26-7-70-5 എന്ന സ്‌പെല്‍ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 293 റണ്‍സ് കുറിച്ചു ഇന്ത്യയ്ക്ക് 232 റണ്‍സ് ലക്ഷ്യം നല്‍കി സിംബാബ് വെക്ക് വേണ്ടി നാലാം ദിവസം ഓപ്പണര്‍ മോംഗിയയെ പുറത്താക്കി ഒലോംഗ ആദ്യ വെടി പൊട്ടിച്ച് നല്‍കിയ ഒന്നാന്തരം തുടക്കം മുതലാക്കി ഇന്ത്യയെ 173 ന് പുറത്താക്കി സിംബാബ്വെ 61 റണ്‍സിന്റെ ഒരു അത്ഭുത വിജയം കുറിച്ചു.

ഇന്ത്യക്കെതിരായ പോരാട്ടം ഒലോംഗ അവിടെയും അവസാനിപ്പിച്ചില്ല. തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പില്‍ ഒലോംഗ വീണ്ടും വിശ്വരൂപം കാട്ടി. സച്ചിന്‍ ഇല്ലാതെ കളിച്ച ഇന്ത്യ 46 ഓവറില്‍ 253 റണ്‍സ് എന്ന വിജയലക്ഷ്യത്തിന് 10 റണ്‍ അകലെ നില്‍ക്കുമ്പോള്‍ 3 വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. എന്തെങ്കിലുമൊരു പ്രതീക്ഷ ഒലോംഗയാണെന്ന് തിരിച്ചറിഞ്ഞ നായകന്‍ കാംപ് ബെല്‍ 44 ആം ഓവര്‍ ഒലോംഗ ക്ക് നല്‍കി.

എറൗണ്ട് ദ വിക്കറ്റ് വന്ന ഒലോംഗയുടെ ഓവര്‍പിച്ച് ചെയ്ത പന്ത് റോബിന്‍ സിങ്ങ് ഉയര്‍ത്തി അടിച്ചപ്പോള്‍ കവറില്‍ കംപ് ബെല്ലിന് ക്യാച്ച്. പിന്നാലെ ജവഗല്‍ ശ്രീനാഥിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ പോയ പന്ത് വിക്കറ്റ് തെറിപ്പിച്ചു. 11 ആമന്‍ വെങ്കിടേഷ് പ്രസാദ് വിക്കറ്റിന് മുന്‍പില്‍ കുരുങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ പിന്നെയും 4 റണ്‍ വേണമായിരുന്നു.

ഇന്ത്യക്കാര്‍ വിശ്വസിക്കാനാകാതെ വേദനിക്കുമ്പോള്‍ ഒലോംഗയുടെ ചിറകിലേറി സിംബാബ് വെ സൂപ്പര്‍ സിക്‌സിലേക്ക് കാലെടുത്തുവെച്ചിരുന്നു.  ഇന്നും ഇന്ത്യക്കാര്‍ വേദനയോടുകൂടി മാത്രം ഓര്‍ക്കുന്ന മാച്ചിലെ വില്ലന്‍ ഒലോംഗ മാത്രമായിരുന്നു .

കരിയറിന്റെ തുടക്കംമുതല്‍ ഓലോംഗ നേരിട്ടത് തിരിച്ചടികളായിരുന്നു .ജീവിതത്തില്‍ അയാള്‍ അനുഭവിച്ച ദുരിതങ്ങളേറെ. പക്ഷേ ഒരിക്കലും അയാള്‍ എവിടെയും തോറ്റു കൊടുത്തില്ല. സാംബിയയില്‍ ജനിച്ച ഒലോംഗയുടെ അച്ഛന്‍ കെനിയക്കാരനും അമ്മ സിംബാബ് വെക്കാരിയുമായിരുന്നു .നാലാം വയസ്സില്‍ മാതാപിതാക്കള്‍ വേര്‍ പിരിഞ്ഞപ്പോഴും പകച്ചു നില്‍ക്കാതെ സ്‌കൂള്‍ പഠനകാലത്ത് അത്‌ലറ്റിക്‌സിലും റഗ്ബി യിലും ക്രിക്കറ്റിലും മികവുപുലര്‍ത്തുന്നതിനൊപ്പം തന്നെ മികച്ച പ്രാസംഗികനും നാടകനടനും ഗായകനും ചിത്രകാരനുമായ ഒലോംഗ ഒരുവേള ക്രിക്കറ്റ് ഒഴിവാക്കി സംഗീതത്തിനായി കരിയര്‍ മാറ്റി വെക്കാന്‍ ഉദ്ദേശിച്ചതായിരുന്നു .

കെനിയയ്ക്കുവേണ്ടി അത്ലറ്റിക്‌സില്‍ ഒരു ഒളിമ്പിക്‌സ് മെഡല്‍ നേടണം എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഒലോംഗ അവിചാരിതമായി ക്രിക്കറ്റിലേക്ക് തിരിഞ്ഞു .എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ റിട്ടയര്‍ ചെയ്യപ്പെടേണ്ടി വന്ന അയാള്‍ വീണ്ടും തന്റെ പാഷനായ സംഗീതലോകത്തേക്ക് തിരിച്ചു വന്നത് യാദൃശ്ചികമാകാം .

കളിച്ചത് 8 വര്‍ഷം മാത്രം . എന്നാല്‍ കളത്തിലിറങ്ങിയ ഉടന്‍ ഒരു പന്തെറിയുന്നതിന് മുന്‍പ് തന്നെ ഒലോഗയെ 2 പ്രത്യേകതകള്‍ തേടിയെത്തി .സിംബാബ് വെക്കായി അരങ്ങേറിയ ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍ എന്നതിനേക്കാളുപരി പതിനെട്ടാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ആ നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ സിംബാബ്വെക്കാരനായി ഒലോംഗ.

എറിഞ്ഞ മൂന്നാം പന്തില്‍ തന്നെ ലോകോത്തര ബാറ്റ്‌സ്മാന്‍ സയ്യിദ് അന്‍വറിനെ പുറത്താക്കിയ അരങ്ങേറ്റ ടെസ്റ്റില്‍ സിംബാബ് വെ അവരുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് വിജയിക്കുമ്പോഴും ഒലോംഗയുടെ കരിയറില്‍ ഒരു കറുത്ത പാട് അവശേഷിച്ചു . 1963- 64 ല്‍ ആസ്‌ട്രേലിയയുടെ ഇയാന്‍ മെക്കിഫിന് ശേഷം ത്രോയിംഗ് കാരണം നോബോള്‍ വിളിക്കപ്പെട്ട ഒലൊംഗ പരിക്ക് കാരണം പിന്‍മാറുക കൂടി ചെയ്തതോടെ അരങ്ങേറ്റ ടെസ്റ്റില്‍ എറിഞ്ഞത് 10 ഓവറുകള്‍ മാത്രം .

ഒലോംഗയുടെ തിരിച്ചുവരവ് അതി മനോഹരമായിരുന്നു . മൂന്നരവര്‍ഷം കഴിഞ്ഞ് അയാള്‍ പെഷവാറില്‍ പാകിസ്ഥാനെതിരെ രാജകീയമായ മറുപടി നല്‍കി . അതിനിടയില്‍ ഇന്ത്യയിലും സൗത്താഫ്രിക്കയിലും ആസ്‌ട്രേലിയയിലുമായി ഡെന്നിസ് ലില്ലി അടക്കമുള്ളവരുടെ പരിശീലനത്തില്‍ നിരന്തരമായ അധ്വാനത്തിലൂടെ തന്റെ ബൗളിങ് ആക്ഷന്‍ പാകപ്പെടുത്തിയ ഒലോംഗക്ക് ഇന്ത്യക്കെതിരായ ഹരാരെ ടെസ്റ്റ് ഒരു പാട് ആത്മവിശ്വാസം നല്‍കിയിരുന്നു .

ഹരാരെ ടെസ്റ്റിന് തൊട്ടു പിന്നാലെയായിരുന്നു പെഷവാര്‍ ടെസ്റ്റ് . നീല്‍ ജോണ്‍സണ്‍ സെഞ്ചുറി നേടിയിട്ടും 196 റണ്‍സ് മാത്രമെടുത്ത സിംബാബ് വെക്കെതിരെ പാക് 58 റണ്‍ ലീഡ് നേടിയെപ്പോള്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഒലോഗ 47 റണ്‍സിന് 2 വിക്കറ്റ് നേടിയിരുന്നു . രണ്ടാം ഇന്നിംഗ്‌സില്‍ ഒലോംഗ തീ തുപ്പിയപ്പോള്‍ പാകിസ്ഥാന്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി .ഒരു ഘട്ടത്തില്‍ അവര്‍ 6 ന് 41 ആയിരുന്നു .

അമീര്‍ സുഹൈല്‍, അസര്‍ മഹമ്മൂദ്, ഇന്‍സമാം ,സയ്യിദ് അന്‍വര്‍ എന്നിവരെ പുറത്താക്കി ഒലോംഗ 11-1 42 -4 സ്‌പെല്‍ പുറത്തെടുത്ത് ടീം ഏഴുവിക്കറ്റിന് ജയിച്ചപ്പോള്‍ അത് സിംബാബ് വെയുടെ വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു . ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന തൊട്ടടുത്ത ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ 63 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ഒലോംഗ പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് ആയി .

ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ സിംബാബ് വെയിലെ ബെസ്റ്റ് ആക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഒലോംഗ ടൂറിന് വന്ന ബ്രൈറ്റന്‍ കോളേജിനെതിരെ 103 റണ്‍സും 15 റണ്‍സിന് 8 വിക്കറ്റും വീഴ്ത്തി ശ്രദ്ധേയനായി . 17 ആം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ 5 വിക്കറ്റ് നേടിയ ഒലോംഗ അടുത്ത സീസണില്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു .അതിനുമുമ്പ് അരങ്ങേറാന്‍ സാധ്യതയുണ്ടായിരുന്നു വെങ്കിലും പക്ഷേ ആ സമയത്ത് ഒലോംഗക്ക് കെനിയന്‍ പൗരത്വമായിരുന്നു .

അതിവേഗത പുലര്‍ത്തുമ്പോഴും കൃത്യതയില്ലാത്ത പന്തേറ് കാരണം നോബോളുകളും വൈഡുകളും യഥേഷ്ടം എറിയുന്നത് കൊണ്ടുതന്നെ ടീമിലെ സ്ഥാനം അകത്തും പുറത്തുമായിരുന്നു . 1996 ലോകകപ്പില്‍ ടീമിലിടം പിടിച്ച ഒലോംഗക്ക് അവസാനമത്സരത്തില്‍ ഇന്ത്യക്കെതിരെ കളിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും തനിക്ക് മതിയായ പ്രാക്ടീസ് ഇല്ല എന്ന് പറഞ്ഞ് അവസരം സ്വയം ഒഴിവാക്കിയ കഥയും ഒലോംഗക്ക് പറയാനുണ്ട്.

പിന്നീട് ആക്ഷന്‍ പ്രശ്‌നം പരിഹരിച്ചു പന്തുകളില്‍ സ്ഥിരത കൊണ്ടുവന്ന് സ്വതസിദ്ധമായ ശൈലിയില്‍ പന്തെറിയാന്‍ തുടങ്ങിയതോടെ റണ്‍സ് വഴങ്ങുന്നതില്‍ ധാരാളിയായെങ്കിലും ഏത് പന്തിലും വിക്കറ്റ് എടുക്കാനുള്ള കഴിവ് അയാളെ സിംബാബ് വെ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാക്കി.

1999 ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ ബ്ലൂംഫൊണ്ടെയ്‌നില്‍ 93 ന് 4 , ശ്രീലങ്കയ്‌ക്കെതിരെ ബുലാവായോയില്‍ 103 റണ്‍സിന് 4 വിക്കറ്റ് ,2002 ല്‍ രണ്ടില്‍ പാക്കിസ്ഥാനെതിരെ ഹരരെയില്‍ 93 റണ്‍സ് 5 വിക്കറ്റ് തുടങ്ങിയ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ ഒലോംഗക്ക് അവസാന 2 ടെസ്റ്റില്‍ 8 വിക്കറ്റ് വീഴ്ത്തി കരിയറിലെ നല്ല സമയത്ത് തന്നെയാണ് പക്ഷെ പുറത്തേക്ക് പോകേണ്ടി വന്നത്.

ഏകദിന ക്രിക്കറ്റിലാകട്ടെ കരിയര്‍ തുടക്കത്തിലെ 6.90 ല്‍ എക്കണോമി 5.5 ലെത്തിച്ചതിനു പുറമെ യഥേഷ്ടം വിക്കറ്റുകള്‍ കൂടി വീഴ്ത്താനും പറ്റി .1999 ല്‍ ശ്രീലങ്കയ്‌ക്കെതിരെ 51 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ഒലോംഗയുടെ ഏറ്റവും മികച്ച പ്രകടനം 2000 ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു .കേപ് ടൗണില്‍ നടന്ന മത്സരത്തില്‍ 211 റണ്‍സിന് പുറത്തായ സിംബാബ് വെ ഒലോംഗയുടെ മാസ്മരിക പ്രകടനത്തിലൂടെ തിരിച്ചടിച്ചു .

107 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ആദ്യ 5 പേരെയും പുറത്താക്കിയ ലോംഗയുടെ സ്പല്‍ 8.2_3 -19-6 ആയിരുന്നു. ഇന്നും ഏകദിനത്തിലെ ഒരു സിംബാബ് വെക്കാരന്റെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനം. ഇന്റര്‍നാഷണല്‍ നിന്നും വിട പറയുന്നതിന് മുമ്പ് ഒലോംഗയുടെ മറ്റൊരു 6 വിക്കറ്റ് പ്രകടനം കൂടി കണ്ടു. 2002 ല്‍ ബുലാവോയില്‍ കെനിയയ്‌ക്കെതിരെ ഒന്‍പതു വിക്കറ്റിന് സിംബാവേ വിജയിച്ചപ്പോള്‍ 9 – 2 -28 -6 ആയിരുന്നു ഒലോഗയുടെ പ്രകടനം.

പിന്നീട് കളിച്ചത് 2 ഏകദിനം മാത്രം. സിംബാബ് വെ ക്രിക്കറ്റ് ഉയരങ്ങളിലേക്ക് പോകുന്ന സമയത്താണ് വളരെ അപ്രതീക്ഷിതമായി പലതും സംഭവിച്ചത്. ഏകാധിപതിയായ മുഗാബെ ക്രിക്കറ്റിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു. സെലക്ഷന്‍ പോളിസിയില്‍ ക്വാട്ട സിസ്റ്റം കൊണ്ടു വന്നതോടുകൂടി സിംബാബ് വെ ക്രിക്കറ്റിന്റെ താളംതെറ്റി .നിശ്ചിതശതമാനം കറുത്ത വര്‍ഗക്കാര്‍ ടീമില്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞു കളിയുടെ സ്പിരിറ്റ് നശിപ്പിക്കുന്നതിനെതിരെ പോരാടാന്‍ തീരുമാനിച്ച ആന്‍ഡിഫ്‌ലവര്‍ ഒലോംഗയുടെ സഹായമഭ്യര്‍ത്ഥിച്ചു.

അങ്ങനെ ഒരു വെളുത്തവര്‍ഗക്കാരനും കറുത്ത വര്‍ഗക്കാരനും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ജനാധിപത്യ കശാപ്പിനെതിരെ പ്രതിഷേധിക്കുന്നു വേണ്ടി കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് 2003 ലോകകപ്പിനിടെ ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ ലോകം ഞെട്ടി . തങ്ങളുടെ കരിയര്‍ അവസാനിക്കും എന്ന് അറിഞ്ഞിട്ടും അവര്‍ എടുത്ത തീരുമാനം കായിക ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു തീരുമാനമായി വാഴ്ത്തപ്പെടുന്നു. അന്ന് ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ ലെന്‍സുകള്‍ കളിയെക്കാളേറെ സൂം ചെയ്തത് ഇരുവരുടെയും കറുത്ത ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ചുറ്റപ്പെട്ട ആം ബാന്‍ഡിലേക്ക് ആയിരുന്നു .

ആ ലോകകപ്പോടു കൂടി ആന്‍ഡി ഫ്‌ലവറും ഒലോംഗയും ഇംഗ്‌ളണ്ടിലേക്ക് പലായനം ചെയ്തു .12 വര്‍ഷം അവിടെ താമസിച്ച ഒലോംഗ പിന്നീട് അഡലേയ്ഡിലേക്ക് താമസം മാറി .Blood ,Sweat Treaosn എന്ന തന്റെ ആത്മകഥയില്‍ ഒലോംഗ വളരെ വൈകാരികമായി ഈ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് .

പലരും അതിനെ ധീരമായ തീരുമാനമായി വാഴ്ത്തിയപ്പോള്‍ പല കോണുകളില്‍ നിന്നും വധഭീഷണികളും ഉയര്‍ന്നു .’Wait until the world cup is over’ എന്ന് ഒരു മന്ത്രി പറഞ്ഞപ്പോള്‍ മറ്റൊരു മന്ത്രി ഒലോംഗയെ വിശേഷിപ്പിച്ചത് ‘ Uncle Tom with black skin & white Mask’ എന്നായിരുന്നു .

പക്ഷേ സിംബാബ്വെ ക്രിക്കറ്റ് അതോടെ നിലയില്ലാകയത്തിലേക്ക് വീഴാന്‍ തുടങ്ങി .ആന്‍ഡി ഫ്‌ളവറും ഒലോംഗയും രാജ്യംവിട്ടു .പിന്നാലെ ഗേ വിറ്റാല്‍ വിരമിച്ചു .ഹീത്ത് സ്ട്രീക്കിനെ നായകപദവിയില്‍ നിന്ന് പുറത്താക്കിയതോടെ സെലക്ഷന്‍ പോളിസികളില്‍ പ്രതിഷേധിച്ച് മറ്റുപലരും പോയി .അതോടെ പ്രധാന 14 കളിക്കാര്‍ നഷ്ടപ്പെട്ട സിംബാബ്വേ ക്രിക്കറ്റ് ഒന്നുമല്ലാതായി .

2003 ല്‍ ഇംഗ്ലണ്ടിലെ മ്യൂസിക് ചാനലിലെ ഫൈവ് ഓള്‍ സ്റ്റാര്‍ ടാലന്റ് ഷോയില്‍ വിന്നര്‍ ആയ ഒലോംഗ പിന്നീട് 2006ല്‍ ഒറേലിയ എന്ന മ്യൂസിക് ആല്‍ബം പുറത്തിറക്കി .

ഓസ്‌ട്രേലിയയില്‍ വോയ്‌സ് ഓഫ് ആസ്‌ട്രേലിയ ഓപ്പറ മ്യൂസിക്കില്‍ ല്‍ സജീവമായ കടുത്ത മതവിശ്വാസി കുടിയായ ഒലോംഗ ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്കിലാണ് സജീവം . മൂത്ത സഹോദരനും സിംബാബ് വേ യുടെ എക്കാലത്തെയും മികച്ച സ്പോര്‍ട്‌സ് പേഴ്‌സണാലിറ്റിയുമായ വിക്ടറിനൊപ്പം തന്നെ കായിക ലോകത്തും പുറത്തും ബഹുമുഖ പ്രതിഭ തെളിയിച്ച ഒലോംഗ സിംബാബ് വെ കായിക ചരിത്രത്തിലെ മറക്കാനാകാത്ത പേര് ആണ് .

തന്നെ മര്‍ദ്ദിച്ച സച്ചിനൊപ്പം തനിക്കെതിരെ 3 ഇരട്ട സെഞ്ച്വറി നേടിയ മര്‍വന്‍ അട്ടപ്പട്ടു വിനെയും ഇഷ്ടപ്പെടുന്ന ഒലോംഗയുടെ ഏറ്റവും ആരാധന പാത്രങ്ങളായ ബൗളര്‍മാര്‍ മാല്‍ക്കം മാര്‍ഷലും അലന്‍ ഡൊണാള്‍ഡുമണ്.

ഒലോംഗയുടെ പേര് പലരും ഓര്‍ക്കുന്നത് സച്ചിന്റെ പ്രഹരത്തിന്റെ പേരിലും സഹീര്‍ ഖാന്‍ തുടര്‍ച്ചയായി നേടിയ നാല് സിക്‌സറുകളുടെ പേരുകളിലൊക്കെയാകാം .എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാളെ അടയാളപ്പെടുത്തേണ്ടത് മറ്റ് കാര്യങ്ങളിലാണ് . സിംബാബ്വെയുടെ മൂന്ന് പ്രധാന ടെസ്റ്റ് വിജയങ്ങളിലെ നിര്‍ണായക സാന്നിധ്യം ,1999 ല്‍ അവരെ സൂപ്പര്‍ സിക്‌സില്‍ എത്തിച്ച ഒറ്റയാള്‍ പ്രകടനം ,സിംബാബ് വെക്കു വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം ,ഏകദിനത്തില്‍ 2 തവണ 6 വിക്കറ്റ് നേടിയ അപൂര്‍വ്വ നേട്ടം ,8 വര്‍ഷത്തെ കരിയറില്‍ 3 തവണ ലോകകപ്പ് ടീമിലംഗം , 100 മീറ്റര്‍ 10.5 സെക്കന്‍ഡില്‍ ഓടുന്ന ബഹുമുഖപ്രതിഭ.

ഒരു കറുത്ത വര്‍ഗക്കാരന് മുഗാബെയ്‌ക്കെതിരെ പ്രതിഷേധിക്കാതെ കരിയര്‍ സംരക്ഷിച്ച് പോകാമായിരുന്നു. പക്ഷെ ഒടുവില്‍ മുഗാബെയെ വെല്ലുവിളിച്ച് കരിയര്‍ അവസാനിപ്പിച്ച് സംഗീത ലോകത്തേക്ക് മടങ്ങിയ അയാളുടെ ജീവിതം താളം തെറ്റാതെ ഒരു സംഗീതം പോലെ അയാള്‍ ഇന്നും കൊണ്ടു പോവുകയാണ്. 126 കരിയര്‍ വിക്കറ്റുകള്‍ അയാളുടെ ബഹുമുഖ കഴിവുകളുടെ ഒരേട് മാത്രമാണ് .

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍