നിലവിലെ നിയമങ്ങള്‍ അനുസരിച്ചായിരുന്നെങ്കില്‍ സച്ചിന്റെ റണ്ണുകളും സെഞ്ച്വറികളും ഇതിലും ഇരട്ടിയാകുമായിരുന്നു: സനത് ജയസൂര്യ

ഏകദിന ക്രിക്കറ്റ് നിയമങ്ങള്‍ ഐസിസി പരിഷ്‌കരിക്കണമെന്ന് ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യ. നിലവിലെ കാലഘട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോള്‍ നേടിയതിലും ഇരട്ട റണ്ണുകളും ഇരട്ട സെഞ്ചുറികളും നേടുമായിരുന്നുവെന്ന് ജയസൂര്യ എക്‌സില്‍ കുറിച്ചു.

ഏകദിന ക്രിക്കറ്റില്‍ രണ്ട് പുതിയ പന്തുകളുടെ ഉപയോഗം ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ഐസിസി ക്രിക്കറ്റ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ബോളര്‍മാര്‍ക്ക് കളിയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഇതിഹാസ പാക് ബോളര്‍ വഖാന്‍ യൂനിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ചാണ് ജയസൂര്യയുടെ പ്രതികരണം.

വഖാര്‍ യൂനിസിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു, ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. രണ്ട് പന്തില്‍ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് അവസരമുണ്ടായിരുന്നെങ്കില്‍, നമ്മുടെ കാലഘട്ടത്തിലെ നിലവിലെ പവര്‍ പ്ലേ നിയമങ്ങള്‍ അനുസരിച്ച്, അദ്ദേഹത്തിന്റെ റണ്ണുകളും സെഞ്ച്വറികളും ഇരട്ടിയാകുമായിരുന്നു- ജയസൂര്യ എക്‌സില്‍ കുറിച്ചു.

വിരാട് കോഹ്‌ലി സച്ചിന്റെ ഏകദിന സെഞ്ച്വറി നേട്ടം മറികടന്നതിന്റെ പശ്ചാത്തലത്തിലാണ് ജയസൂര്യയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. മത്സരത്തില്‍ പുതിയ പന്തുകള്‍ നല്‍കുന്ന നിയമം 2011-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കൊണ്ടുവന്നത്. ഒരു പന്ത് 25 ഓവറുകള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ പന്തിന്‍റെ ദൃഢത നിലനിര്‍ത്താന്‍ ഇത് സഹായിച്ചു. പന്ത് കാഠിന്യം നിലനിര്‍ത്തിയതോടെ, ബാറ്റര്‍മാര്‍ പൂര്‍ണ്ണമായി മുതലെടുക്കുകയും കളി ഒരു ഏകദിനത്തിലെ ശരാശരി സ്‌കോറുകളില്‍ വര്‍ദ്ധനവ് കാണുകയും ചെയ്തു.