#സീന്‍:1
‘എന്തൊരു ഷോട്ടാണത്. ആ പന്ത് മേഘം തൊട്ടെന്നാണ് തോന്നുന്നത്. തിരിച്ചു താഴെയെത്തിയപ്പോള്‍ പന്തില്‍ മഞ്ഞ് പറ്റിയതു പോലെയാണ് തോന്നിയത്.’ ഓസ്ട്രേല്യന് ക്യാപ്റ്റന്‍ അലന് ബോര്‍ഡര്‍ വിശ്വസിക്കാനാകാതെ തലയില്‍ കൈ വെച്ചാണത് പറഞ്ഞത്.
1986 ല്‍ ബാഗ്ലൂര് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവനും ഓസ്ട്രേലിയന്‍ ടീമും തമ്മില്‍ നടന്ന മത്സരത്തില്‍, ഒരു ഓസ്ട്രേലിയന്‍ ബൗളര്‍ എറിഞ്ഞ പന്ത് ബോര്‍ഡ് ഇലവന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ചെറുപ്പക്കാരന് അടിച്ചു പറത്തിയത് സ്റ്റേഡിയത്തിന് പുറത്തേക്കായിരുന്നു. ആ ഷോട്ട് കണ്ട ബോര്‍ഡര്‍ മാത്രമല്ല ,മറ്റു കളിക്കാരും കാണികളും അന്തം വിട്ടു പോയി.
#സീന്‍: 2
‘ ഈ ടൂര്‍ണമെന്റ് വിജയത്തില്‍ നിങ്ങള്‍ക്ക് ഒരു പാട് ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുമായിരിക്കും. പക്ഷെ ഞാന്‍ ഉറപ്പു പറയുന്നു, വിക്കറ്റിന് പിന്നിലെ അവന്റെ സാന്നിദ്ധ്യം തന്നെയായിരുന്നു നിര്‍ണായകം’.
1985 ലെ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റു വാങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാവസ്കര്‍ പറഞ്ഞ വാക്കുകള്‍. പിന്നീട് തന്റെ ആത്മകഥയായ ‘One day wonders’ ല്‍ ഇതേ വാക്കുകള്‍ ഗവാസ്കര്‍ വീണ്ടും ആവര്‍ത്തിച്ചു.
ഒരു കാലത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അലങ്കരിച്ച 2 മഹാരഥന്മാര് ഒരു വിക്കറ്റ് കീപ്പറുടെ പ്രകടനങ്ങള്‍ കണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്റെ പ്രതിഭയെന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒരു പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം എന്ന് ബഹുഭൂരിപക്ഷം ക്രിക്കറ്റ് പണ്ഡിതന്മാരും അഭിപ്രായപ്പെടുന്ന 1985 ല്‍ ഓസ്ട്രേലിയയില്‍ വെച്ചു നടന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പിലും ഷാര്‍ജയില്‍ നടന്ന റോത് മാന്‍സ് കപ്പിലും മുത്തമിട്ട് 1983 ലെ ലോകകപ്പ് വിജയം ഫ്ളൂക്കല്ലെന്ന് തെളിയിച്ച ടീം ഈ 2 ടൂര്‍ണമെന്റിലും ഒരു തോല്‍വി പോലും അറിയാതെ മുന്നേറി 2 ഫൈനലുകളിലും ചിരന്തരവൈരികളായ പാകിസ്ഥാനെ തകര്‍ത്തപ്പോള്‍ വിക്കറ്റ് കാത്ത ആ സുന്ദരനെ അന്നത്തെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യ കണ്ട ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആകാന്‍ പോകുന്നത് ഇദ്ദേഹമായിരിക്കും എന്നാണ്.
1985 ലെ വേള്‍ഡ് സിരിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അത്രയ്ക്ക് മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ #സദാനന്ദ്_വിശ്വനാഥ് എന്ന യുവ വിക്കറ്റ് കീപ്പര്‍ക്ക് ഒരു തവണ മാത്രമേ വിക്കറ്റിനു മുന്നില്‍ വരേണ്ടി വന്നുള്ളൂ. പക്ഷെ വിക്കറ്റില്‍ പിന്നില്‍ കാഴ്ച വെച്ചത് അത്ഭുതക്കാഴ്ചയായിരുന്നു. ആ ടൂര്‍ണമെന്റില്‍ 9 ക്യാച്ചുകളും 3 സ്റ്റമ്പിങ്ങുകളും അടക്കം 12 പുറത്താക്കലുകള്‍ നടത്തിയ വിശ്വനാഥിന്റെ റെക്കോഡിനൊപ്പമെത്താന്‍ പറ്റിയത് ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍ മോംഗിയക്ക് മാത്രം.
മെല്‍ബണില്‍ നടന്ന ഫൈനലില്‍ കപിലിന്റെ ഒരു വൈഡ് പന്തില്‍ മുദസര്‍ നാസര്‍ ബാറ്റ് വെച്ചപ്പോള്‍ ,പന്ത് മുന്‍കൂട്ടി പ്രെഡിക്ട് ചെയ്ത് ഡൈവ് പോലും ചെയ്യാതെ നിന്ന നില്പില് ക്യാച്ചെടുത്തത് കണ്ട അമ്പരപ്പ് തീരുന്നതിന് മുമ്പ് ശിവരാമകൃഷ്ണന്റെ പന്തില്‍ മിയാന്‍ദാദിനെ കണ്ണടച്ച് തുറക്കും മുന്‍പ് മിന്നല്‍ സ്റ്റമ്പിംഗിലൂടെ പുറത്താക്കിയ പ്രകടനങ്ങള്‍ ക്രിക്കറ്റ് വിദഗ്ധര്മാര്ക്കിടയില് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. #Dhanam
കിര്‍മാണിക്കു ശേഷം ഒരു വിക്കറ്റ് കീപ്പറെ തേടി നടന്ന ഇന്ത്യന്‍ ടീമിന് അദ്ദേഹത്തേക്കാള്‍ മികച്ച ഒരു സ്ട്രോക്ക് പ്ലെയറും മികച്ച സ്റ്റമ്പറും ആയ ഒരു വിക്കറ്റ് കീപ്പറെ കിട്ടി എന്ന് ഉറപ്പിച്ചുവെന്ന് മാത്രമല്ല ആദ്യമായി ഒരു വിക്കറ്റ് കീപ്പറുടെ പോസ്റ്ററുകള്‍ രാജ്യമെങ്ങും പ്രചരിക്കുവാനും തുടങ്ങി.
രഞ്ജിയില്‍ ബ്രിജേഷ് പട്ടേല്‍, റോജര്‍ ബിന്നി, കിര്‍മാനി എന്നീ വന്‍തോക്കുകള്‍ ഉള്‍പ്പെട്ട ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ഭാഗ്യം ലഭിച്ച സദാനന്ദ് തന്റെ ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ ഇന്നിങ്സില്‍ എതിരാളികളുടെ വീണ 8 വിക്കറ്റുകളില്‍ 6 ഉം ക്യാച്ചെടുത്ത് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി.
1984 ല്‍ ഇംഗ്ളണ്ടിനെതിരായ ഏകദിന മാച്ചില്‍ 241 റണ്‍ പിന്തുടര്ന്ന് 204/7 എന്ന നിലയില്‍ തോല്‍വിയോടടുത്ത ടീമിനെ 9 മനായി ഇറങ്ങി രവി ശാസ്ത്രിയോടൊപ്പം നിന്ന് 25 പന്തില്‍ 23 റണ്‍സെടുത്ത് വിജയിപ്പിച്ചതോടെ താരപരിവേഷം വന്നു വിശ്വനാഥിന്.
‘ഇന്ത്യന്‍ ക്രിക്കറ്റിലെഅടുത്ത വലിയ സംഭവം’ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ടെങ്കിലും വിധി സദാനന്ദ് വിശ്വനാഥ് എന്ന പ്രതിഭയോട് കാട്ടിയത് ക്രൂരതയായിരുന്നു . തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കുറച്ചു നാള് മുന്‍പ് മാത്രം പിതാവ് ആത്മഹത്യ ചെയ്തത് സദാനന്ദിന് താങ്ങാന്‍ പറ്റാത്ത ഒരു വേദനയായിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് മാതാവും ലോകത്തോട് വിട പറഞ്ഞത്. 23 വയസാകുമ്പോഴേക്കും അനാഥനായി എന്ന സത്യം മനസിനെ വല്ലാതെ അലട്ടിക്കൊണ്ട സമയത്ത് തന്നെ കൈവിരലിന് പരിക്ക് കൂടി പറ്റിയതോടെ മനോധൈര്യം പൂര്‍ണമായും ചോര്‍ന്ന സദാനന്ദിന്റെ കരിയറിന് കിരണ്‍ മോറെയുടെയും ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും വരവ് തിരിച്ച് ടീമിലെത്താനുള്ള ശ്രമങ്ങള്‍ക്ക് തടസവുമായി.
1987 ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തത് കൂടിയായപ്പോള്‍ സമ്മര്‍ദ്ദം സഹിക്കാനാകാതെ മദ്യത്തിന് അടിമയായി. 23 വയസില്‍ തുടങ്ങിയ കരിയറിന് 27 ലെത്തിയപ്പോഴേക്കും പൂര്‍ണവിരാമമായി.വെറും 3 ടെസ്റ്റിലും 22 ഏകദിനത്തിലും ഒതുങ്ങിപ്പോയികരിയര്. പിന്നീട്തന്റെ ബാങ്ക് ജോലി ഉപേക്ഷിച്ച് മിഡില്‍ ഈസ്റ്റില്‍ ജോലി തേടിഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിച്ചു. തന്റെ ആദ്യ ശമ്പളം ഒരു ബോട്ടില്‍ ജോണി വാക്കറുമായി ആഘോഷിച്ച സദ താമസിയാതെ തിരിച്ച് നാട്ടിലെത്തി ബാങ്ക് ജോലിയില്‍ പ്രവേശിച്ചുവെങ്കിലും പിന്നീട് വീണ്ടും ജോലി ഉപേക്ഷിച്ചു. ഒടുവില്‍ വന്‍ സാമ്പത്തിക ബാധ്യത കൂടി വന്നപ്പോള്‍ ബാംഗ്ലൂരില്‍ 2500 രൂപ വാടകയ്ക്ക് ഒരു ഹോട്ടല്‍ റൂമില്‍ 5 വര്‍ഷം ജീവിതം തള്ളി നീക്കി. #Dhanam
പിന്നീട് ജീവിതം ഒന്നു കൂടി കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ച സദാനന്ദ് ഭാഗ്യത്തിന് BCCI യുടെ അമ്പയറിംഗ് പരീക്ഷ പാസായി. വിവിധ മത്സരങ്ങില്‍ കളി നിയന്ത്രിച്ച സദാനന്ദ് വിമന്‍സ് ലോകകപ്പ് മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട് .
Read more
അനില്‍ കുംബ്ലെ കര്‍ണാടകയിലെ കോച്ചിംഗ് അക്കാദമിയിലേക്ക് ക്ഷണിച്ചുവെങ്കിലും എയര്‍പോര്‍ട്ട് റോഡില്‍ അക്കാദമി തുടങ്ങിയ സദാനന്ദിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കുവാന്‍ അന്നത്തെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെയും, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും നല്കിയ സ്ഥലത്ത് ഒരു ഓട്ടോമൊബൈല്‍ ഷോറൂം തുടങ്ങി . ഇന്ത്യന്‍ ക്രിക്കറ്റിലെ നഷ്ടസ്വപ്നങ്ങളുടെ പരമ്പരകളിലെ ആദ്യ അധ്യായങ്ങളുടെ തുടക്കത്തിലെ പേരുകളിലൊന്നു തന്നെയാണ് സദാനന്ദ് വിശ്വനാഥിന്റേത്..