ശ്രീലങ്കന്‍ ടീം പര്യടനത്തില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ വൃദ്ധിമാന്‍ സാഹ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശ്വാസ വഞ്ചന കാണിച്ചുവെന്നും ദ്രാവിഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടു എന്നുമായിരുന്നു സാഹയുടെ വെളിപ്പെടുത്തല്‍.
‘സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല. കാരണം സാഹയോടും അവന്റെ നേട്ടങ്ങളോടും ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളോടും വലിയ ബഹുമാനമാണുള്ളത്. ഞാന്‍ അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി വ്യക്തത വരേണ്ടതായുണ്ടെന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ല.’
‘ഞാന്‍ താരങ്ങളോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളിക്കാര്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. രോഹിത്തും ഞാനും ഒരു താരത്തിന് പ്ലേയിംഗ് ഇലവനില്‍ ഇടമില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി പറയാറുണ്ട്. കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്’ ദ്രാവിഡ് പറഞ്ഞു.
സാഹയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.. ‘മുന്നോട്ട് എന്നെ പരിഗണിക്കില്ലെന്ന നിലപാടാണ് ടീം മാനേജ്മെന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനാലാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ എന്നോട് വിരമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.’
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണെങ്കിലും ഏകപക്ഷീയമായി സീനിയര്‍ താരത്തോട് വിരമിക്കാന്‍ ആവശ്യപ്പെടുന്നത് കായിക താരത്തിന്റെ മാനസിക വീര്യത്തെ കെടുത്തുമെന്നുറപ്പാണ്. ടീം മാനേജ്മെന്റില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുമ്പോള്‍ അത് ലഭിക്കുന്നില്ല.’
‘ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ വേദന സംഹാരി കഴിച്ചാണ് ഇറങ്ങിയത്. പുറത്താവാതെ 61 റണ്‍സും നേടി. ബംഗാള്‍ ടീമിന്റെ വാട്സപ്പ് ഗ്രൂപ്പില്‍ സൗരവ് ഗാംഗുലി അന്ന് എന്നെ പ്രശംസിച്ച് സന്ദേശം അയച്ചിരുന്നു. നീണ്ടനാളത്തേക്ക് ബിസിസിഐയുടെ പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.’
‘ബോര്‍ഡ് പ്രസിഡന്റിന്റെ അത്തരമൊരു സന്ദേശം എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം വളരെ വേഗം മാറിമറിഞ്ഞത് ഞാനറിഞ്ഞില്ല’ സാഹ പറഞ്ഞു.