അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

വിരാട് കോഹ്ലിയേക്കാള്‍ മികച്ചവനായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം മാറുമെന്ന് തുറന്നുപറഞ്ഞ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കറാച്ചി കിങ്‌സ് ഓണര്‍ സല്‍മാന്‍ ഇഖ്ബാല്‍. നിലവില്‍ മോശം ഫോമിലുളള ബാബര്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും കോഹ്ലിയേക്കാള്‍ മികച്ചവനായി ലോക ക്രിക്കറ്റില്‍ അവന്‍ മാറുമെന്നും സല്‍മാന്‍ പറഞ്ഞു. എല്ലാ ഫോര്‍മാറ്റുകളിലുമായി 2023 മുതല്‍ ബാറ്റിങ്ങില്‍ ബാബറിന് ഫോം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ മാച്ച് വിന്നിങ് ഇന്നിങ്ങ്‌സുകള്‍ താരത്തില്‍ നിന്ന് അധികം ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് എഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഒരു സെഞ്ച്വറി മാത്രമാണ് ബാബര്‍ അസം നേടിയത്.

പിഎസ്എലില്‍ 30കാരനായ ബാബര്‍ പെഷവാര്‍ സല്‍മി ടീമിന്റെ ക്യാപ്റ്റനാണ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ കാര്യമായി തിളങ്ങാന്‍ ഇതുവരെ ബാബര്‍ അസമിന് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരങ്ങളില്‍ 0,1 എന്നീ സ്‌കോറുകളിലാണ് താരം പുറത്തായത്. “ഞാന്‍ നിങ്ങളോട് പറയുകയാണ്, ഇത് കുറിച്ചുവച്ചോളൂ, ബാബര്‍ അസം തിരിച്ചുവരുന്നത് എപ്പോഴാണോ വിരാട് കോഹ്ലി ഉള്‍പ്പെടെ ലോകത്ത് ഏത് കളിക്കാരനേക്കാളും മികച്ചവനായി അവന്‍ മാറും. ഗാരി സോബേഴ്‌സ്, സര്‍ വിവ് റിച്ചാര്‍ഡ്‌സ് തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും,

അവന് ആ ക്ലാസ് ഘടകമുണ്ട്. ഒരാള്‍ക്ക് ക്ലാസ് ഉണ്ടെങ്കില്‍ ആ ക്ലാസ് ശാശ്വതമാണ്. നിങ്ങള്‍ക്ക് അത് മാറ്റാന്‍ കഴിയില്ല. സ്റ്റൈല്‍ എപ്പോഴും ശാശ്വതമാണ്. അവന്‍ തിരിച്ചുവരും. അവന്‍ ഒരു പൊട്ടിച്ചിരിയോടെ തിരിച്ചുവരും”, സല്‍മാന്‍ ഇഖ്ബാല്‍ വ്യക്തമാക്കി. അതേസമയം പിഎസ്എലില്‍ ബാബര്‍ റണ്‍സിനായി ശ്രമിക്കുന്ന സമയത്ത് ഐപിഎലില്‍ കോഹ്ലി നിലവില്‍ 248 റണ്‍സ് നേടിക്കഴിഞ്ഞു. 62 ശരാശരിയിലും 143 സ്‌ട്രൈക്ക് റേറ്റിലുമാണ് ആറ് മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം.