ഐപിഎലില്‍ ആര്‍സിബിക്കെതിരെയും തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മുഴുവന്‍ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. അനായാസം ജയിക്കാമായിരുന്ന കളി 11 റണ്‍സിന് തോറ്റാണ് ആര്‍ആര്‍ ടീം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ബെംഗളൂരു ടീം ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 194 റണ്‍സ് എടുക്കാനേ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചുളളൂ. അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ നിരാശാജനകമായ പ്രകടനത്തില്‍ മനസുതുറന്നിരിക്കുകയാണ് പ്രധാന ബോളര്‍ സന്ദീപ് ശര്‍മ്മ.
ഈ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സഞ്ജു സാംസണിന്റെ പരിക്ക് ടീമിനെ തളര്‍ത്തിയെന്ന് സന്ദീപ് ശര്‍മ്മ പറയുന്നു. സഞ്ജുവിന്റെ തന്ത്രപരമായ നായകത്വവും ബാറ്റര്‍ എന്ന നിലയിലുളള സാന്നിദ്ധ്യവും ഇല്ലാതെ ടീം ബുദ്ധിമുട്ടുകയാണ്. ഇപ്പോഴത്തെ നായകന്‍ റിയാന്‍ പരാഗിനെ വിമര്‍ശിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ടീമിനുളളിലെ സ്ഥിരതയില്ലായ്മയെ സൂചിപ്പിക്കുന്നു എന്ന് സന്ദീപ് പറയാതെ പറയുന്നു.
“സഞ്ജുവിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെട്ടു. അദ്ദേഹം വളരെ പരിചയസമ്പന്നനായ ക്യാപ്റ്റനും കളിക്കാരനുമാണ്. ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മിടുക്കനാണ്. അതെ അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെട്ടു. ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ക്യാപ്റ്റനായിരുന്നില്ല. അതിന് ശേഷം അദ്ദേഹത്തിന് വീണ്ടും ഒരു സൈഡ് ഇന്‍ജുറി ഉണ്ടായി. ഇതെല്ലാം ഞങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇതെല്ലാം ഒന്നിച്ചുവന്ന് ടീമിനെ പിന്നോട്ട് വലിക്കുകയാണ്, സന്ദീപ് ശര്‍മ്മ പറഞ്ഞു.