IPL 2025: വിരാട് കോഹ്ലി ഇല്ല, കെഎല്‍ രാഹുല്‍ ലിസ്റ്റില്‍, ഐപിഎല്‍ 2025ലെ എറ്റവും മികച്ച 10 ബാറ്റര്‍മാര്‍ ആരെല്ലാമാണെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

ഐപിഎല്‍ 2025ല്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയ പത്ത് ബാറ്റര്‍മാരെ കുറിച്ച് മനസുതുറന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ആര്‍സിബി താരം വിരാട് കോഹ്ലിയെ ഉള്‍പ്പെടുത്താതെയുളള ലിസ്റ്റാണ് മഞ്ജരേക്കര്‍ പുറത്തുവിട്ടത്. ഈ സീസണില്‍ 200ലധികം റണ്‍സും മികച്ച സ്‌ട്രൈക്ക് റേറ്റുമുളള താരങ്ങളെയാണ് മഞ്ജരേക്കര്‍ തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ഈ സീസണിലെ ഐപിഎല്‍ തുടങ്ങിയ സമയത്ത് ഇതുപോലൊരു ലിസ്റ്റ് മഞ്ജരേക്കര്‍ പുറത്തുവിട്ടിരുന്നു. അന്നും കോഹ്ലി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല.

മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, ഫില്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍, ട്രാവിസ് ഹെഡ് തുടങ്ങിയവരാണ് മുന്‍ ലിസ്റ്റിലും ഇത്തവണയും മഞ്ജരേക്കര്‍ നിലനിര്‍ത്തിയ താരങ്ങള്‍. ഇവര്‍ക്ക് പുറമെ മറ്റ് അഞ്ച് ബാറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു താരം. ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ ലിസ്റ്റിലുണ്ട്. പുതിയ സീസണില്‍ പുതിയ ടീമിനായി ശ്രദ്ധേയ പ്രകടനമാണ് രാഹുല്‍ കാഴ്ചവയ്ക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് ബെംഗളൂരുവിനെതിരെ കെഎല്‍ രാഹുല്‍ കാഴ്ചവച്ച ഇംപാക്ടുളള ഇന്നിങ്‌സിന് വലിയ കയ്യടികളാണ് ലഭിച്ചത്. 238 റണ്‍സിലധികമാണ് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് രാഹുല്‍ നേടിയത്.

രാഹുലിന് പുറമെ ജോസ് ബട്‌ലര്‍, പ്രിയാന്‍ഷ് ആര്യ, അഭിഷേക് ശര്‍മ്മ, ഹെന്റിച്ച ക്ലാസന്‍ തുടങ്ങിയവരാണ് ലിസ്റ്റിലെ മറ്റു താരങ്ങള്‍. ഈ സീസണില്‍ ബാറ്റിങ്ങില്‍ മിന്നുംപ്രകടനം പുറത്തെടുത്ത താരങ്ങളാണ് ഇവരെല്ലാം. പ്രിയാന്‍ഷ് ആര്യ ഒറ്റ കളികൊണ്ടാണ് ഈ സീസണില്‍ സൂപ്പര്‍താരമായത്. യുവതാരം നേടിയ അതിവേഗ സെഞ്ച്വറി പ്രിയാന്‍ഷിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കി.