വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുന്‍ സെലക്ടര്‍ സാബ കരീം. ഒരു മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്തേണ്ടതില്ലെന്നും അവന് അര്‍ഹിച്ച ബാറ്റിങ് പൊസിഷന്‍ നല്‍കാതെ ടീം മാനേജ്മെന്റ് അവനെ പ്രയാസപ്പെടുത്തുകയാണെന്നും സാബ കരീം പറഞ്ഞു.
സഞ്ജു സാംസണ്‍ മിടുക്കനായ വിക്കറ്റ് കീപ്പറാണ്. അവനെ ഒരു പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല ബാറ്റ്സ്മാന്‍ എന്നതിലുപരിയായി നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നാണ് അവനെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
സഞ്ജുവിന് ഒരു ബാറ്റിംഗ് പൊസിഷനില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുന്നില്ല. 4,5 ബാറ്റിംഗ് പൊസിഷനുകളിലാണ് സഞ്ജു കളിച്ചിരുന്നത്. ഇടവേളക്ക് ശേഷം ടീമിലെത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചു.
ഇവിടെയാണ് വലിയൊരു ആശയക്കുഴപ്പം ഉണ്ടാകുന്നത്. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇഷാന്‍ ഓപ്പണിങ്ങില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യ രോഹിത്തിനൊപ്പം ഇഷാനെ ഓപ്പണറാക്കുമോ?- സാബ കരീം ചോദിച്ചു.