ഐപിഎല്‍ 15ാം സീസണില്‍ വലിയ ഇന്നിംഗ്‌സുകളൊന്നും കളിച്ചില്ലെന്ന പേരില്‍ സഞ്ജു സാംസണെ ക്രൂശിക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം അനായാസം ബാറ്റ് ചെയ്യാന്‍ ജോസ് ബട്ട്‌ലറെ സഹായിച്ചെന്ന് അദ്ദേഹം വിലയിരുത്തി.
‘ഈ സീസണില്‍ വ്യക്തിഗത പ്രകടനത്തേക്കാള്‍ രാജസ്ഥാന്‍ റോയല്‍സെന്ന ടീമിനാണ് സഞ്ജു സാംസണ്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലായി സഞ്ജു കൂടുതല്‍ സ്ഥിരത പുലര്‍ത്തുകയും സമീപനത്തില്‍ കൂടുതല്‍ പക്വത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്നിംഗ്സാണ് ബട്ട്‌ലറെപ്പോലെയുള്ളവരെ സമ്മര്‍ദ്ദമില്ലതെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സഹായിക്കുന്നത്.’
‘ബട്ട്ലര്‍ക്കു ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതു പോലെ അഗ്രസീവായി അതിവേഗം റണ്‍സ് അടിച്ചെടുക്കണമെങ്കില്‍ ആരെങ്കിലുമൊരാള്‍ ബാറ്റിംഗില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. സഞ്ജു ഈ റോള്‍ വളരെ ഭംഗിയായി ഇതുവരെ നിറവേറ്റുകയും ചെയ്തു.’
‘ഈ സീസണില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ ഇതുവരെ സാധിക്കാത്തതിന്റെ പേരില്‍ ഞാന്‍ സഞ്ജവിനെ വിമര്‍ശിക്കില്ല. പലപ്പോഴഉം ബട്ട്‌ലര്‍ സമ്മര്‍ദ്ദത്തിലാവരുതെന്ന് സഞ്ജു ഉറപ്പു വരുത്തി’ ദീപ് ദാസ്ഗുപ്ത പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സില്‍ ഈ സീസണില്‍ ബട്ട്ലര്‍ (824 റണ്‍സ്) കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെയാള് സഞ്ജുവാണ്. 16 മല്‍സരങ്ങളില്‍ നിന്നും 29.60 ശരാശരിയില്‍ 444 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. രണ്ടു അര്‍ദ്ധ സെഞ്ച്വറി പ്രകടനവും ഇതിലുള്‍പ്പെടും.