2015 മുതൽ ഇന്ത്യൻ ടീമിൽ ഉള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും മതിയായ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഈ വർഷം താരത്തിനെ സംബന്ധിച്ച് കരിയറിന് കൂടുതൽ വളർച്ച ഉണ്ടായ വർഷമാണ്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 3 സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചു. ടി-20 യിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ആ സ്ഥാനത്തേക്ക് ഇനി മലയാളി താരത്തിന് സീറ്റ് ഉറപ്പിക്കാം.
ഈ കലണ്ടറിൽ ഇന്ത്യൻ യുവ താരങ്ങൾ വെടിക്കെട്ട് പ്രകടനം കൊണ്ട് തകർത്തടിച്ച വർഷമായിരുന്നു. ഇന്ത്യയുടെ ആറ് താരങ്ങളാണ് ടി20യില്‍ 50ലധികം സിക്‌സര്‍ നേടിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ആറ് താരങ്ങള്‍ 50ലധികം ടി20 സിക്‌സുകള്‍ ഒരു കലണ്ടര്‍ വര്‍ഷം നേടുന്നത്.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് യുവ താരം അഭിഷേക് ശർമ്മയാണ്. ഒരു വർഷം ഐപിഎലിലും, അന്താരാഷ്ട്ര മത്സരങ്ങളിലും നിന്നായി 86 സിക്സറുകളാണ് താരം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് തിലക് വർമ്മയാണ്. 28 മത്സരങ്ങളിൽ നിന്നായി 62 സിക്സറുകളാണ് താരം നേടിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിൽ രണ്ട് ടി-20 മത്സരങ്ങളിൽ തുടർ സെഞ്ചുറികൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു.
മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് മലയാളി താരമായ സഞ്ജു സാംസണാണ്. ഈ വർഷം 32 മത്സരങ്ങളിൽ നിന്നായി 60 സിക്സറുകളാണ് താരം അടിച്ചെടുത്തത്. അവസാനമായി കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ 3 സെഞ്ചുറികൾ നേടാൻ മലയാളി താരത്തിന് സാധിച്ചു.