IPL 2025: സഞ്ജു സാംസണ്‍ താരമായ ദിവസം, മറക്കില്ല ഒരു മലയാളിയും ഈ ദിനം, എന്തൊരു ഇന്നിങ്‌സായിരുന്നു അത്, എല്ലാവരെ കൊണ്ടും കയ്യടിപ്പിച്ചു

പഞ്ചാബ് കിങ്‌സിനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ കത്തിക്കയറി ഗംഭീര സെഞ്ച്വറി നേടിയ ദിവസം ഒരു ക്രിക്കറ്റ് ആരാധകരും മറക്കാനിടയില്ല. 2021 എപ്രില്‍ 12ന് നടന്ന ആ മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ്‌ വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തവേ ആയിരുന്നു സഞ്ജുവിന്റെ ആ ഇന്നിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ കെഎല്‍ രാഹുല്‍ (91), ദീപക് ഹൂഡ(64) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലായിരുന്നു രാജസ്ഥാനെതിരെ പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ക്രിസ് ഗെയിലും 40 റണ്‍സോടെ അന്ന് ടീം ടോട്ടലിലേക്ക് നിര്‍ണായക സംഭാവന നല്‍കി. മറുപടി ബാറ്റിങ്ങില്‍ ബെന്‍ സ്റ്റോക്‌സും മനന്‍ വോറയും തുടക്കത്തിലെ പുറത്തായത് ആര്‍ആറിന് തിരിച്ചടിയായിരുന്നു.

എന്നാല്‍ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ ഒരറ്റത്ത് പിടിച്ചുനിന്നതോടെ ടീം സ്‌കോര്‍ മുന്നോട്ട് കുതിച്ചു. ജോസ് ബട്‌ലര്‍ (25), ശിവം ദുബെ (23), റിയാന്‍ പരാഗ് (25) എന്നിവര്‍ മോശമല്ലാത്ത സംഭാവനകള്‍ ടീമിനായി നല്‍കി. എന്നാല്‍ ഒരു ഘട്ടത്തില്‍ കളിയുടെ മുഴുവന്‍ സമ്മര്‍ദവും സഞ്ജുവിലേക്കായിരുന്നു. എന്നാല്‍ കോണ്‍ഫിഡന്‍സ് നഷ്ടപ്പെടാതെ പഞ്ചാബ് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു സഞ്ജു. തുടര്‍ന്ന്‌ അവസാന ഓവര്‍ ഏറിഞ്ഞ അര്‍ഷ്ദീപ് മത്സരം പഞ്ചാബിന് അനുകൂലമാക്കി മാറ്റുകയായിരുന്നു.

Read more

അവസാനം സഞ്ജു സാംസണെ പുറത്താക്കി നാല് റണ്‍സിന്റെ വിജയമാണ് അന്നത്തെ കളിയില്‍ പഞ്ചാബ് കിങ്‌സ്‌ നേടിയത്. എന്നാല്‍ 63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സടിച്ച സഞ്ജു അന്നത്തെ കളിയില്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരം തോറ്റെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു ഈ മത്സരത്തില്‍ എടുത്തുനിന്നത്. ഇത് താരത്തിന്റെ ഐപിഎല്‍ കരിയറിലെ എറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായി വിലയിരുത്തപ്പെട്ടു.