RR UPDATES: സഞ്ജു ഇനി കളിക്കില്ല, രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, പരാഗ് വീണ്ടും ക്യാപ്റ്റനാവും, അപ്പോപിന്നെ ഇനി അടുത്ത സീസണില്‍ കാണാമെന്ന് ആരാധകര്‍

രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടിയായി സഞ്ജു സാംസണിന്റെ പരിക്ക്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കളിക്കാതിരുന്ന താരം ആര്‍സിബിക്കെതിരായ അടുത്ത മത്സരത്തിലും കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വയറിന് ഒരു ഭാഗത്തായി വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു താരം. തുടര്‍ന്ന് സഞ്ജുവിന് ചില സ്‌കാനിങുകള്‍ നടത്തിയിട്ടുണ്ടെന്നും അതിന് ശേഷം തീരുമാനം എടുക്കുമെന്നുമാണ് റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ അടുത്ത മത്സരവും സഞ്ജുവിന് നഷ്ടമാകുമെന്ന് അറിയുന്നു.

ആര്‍സിബിക്കെതിരെ അവരുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. അടുത്തിടെ ആര്‍ആറിന്റെ ഹോംഗ്രൗണ്ടായ ജയ്പൂരില്‍ വച്ച് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു രാജസ്ഥാനെ തോല്‍പ്പിച്ചുവിട്ടത്. ഇതിന് പകരംവീട്ടാനുളള അവസരമാണ് ആര്‍ആറിന് കൈവന്നിരിക്കുന്നത്. എന്നാല്‍ സഞ്ജുവിന്റെ വിടവ് രാജസ്ഥാന്‍ ബാറ്റിങ് ലൈനപ്പില്‍ കാര്യമായി പ്രകടമാവും. സഞ്ജുവിന്റെ അഭാവത്തില്‍ ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 14 കാരന്‍ വൈഭവ് സൂര്യവംശിയാണ് ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആര്‍സിബിക്കെതിരെയും വൈഭവിനെ കളിപ്പിക്കാനാണ് സാധ്യത.

ടോപ് ഓര്‍ഡര്‍ വലിയ കുഴപ്പമില്ലാതെ കളിക്കുന്നുണ്ടെങ്കിലും മധ്യനിര ബാറ്റര്‍മാരുടെ ഫോമാണ് രാജസ്ഥാന്‍ ടീമിനെ വലയ്ക്കുന്നത്. ഫിനിഷര്‍മാരുടെ റോളിലെത്തുന്ന ധ്രുവ് ജുറലിനും ഷിംറോണ്‍ ഹെറ്റ്‌മെയറിനും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലാണ് ഇരുവര്‍ക്കും ടീമിന് വിജയം നേടികൊടുക്കാന്‍ സാധിക്കാതെ പോയത്. കൂടാതെ ബോളിങ്ങിലും രാജസ്ഥാന്‍ റോയല്‍സ് ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇപ്പോഴും മുന്‍പിലാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് സന്ദീപ് ശര്‍മ്മയില്‍ നിന്നും ഇത്തവണ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Read more