ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖയ്പ്പിച്ചിരിക്കുകയാണ്. ആരാധകരെ ഞെട്ടിച്ച ഈ തീരുമാനം ഇന്നത്തെ മത്സരശേഷം അശ്വിൻ പ്രഖ്യാപിക്കുക ആയിരുന്നു. ഗാബ ടെസ്റ്റിന്റെ ഭാഗം ആകാതിരുന്ന അശ്വിൻ ബോർഡർ ഗവാസ്‌ക്കർ പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു.
രോഹിത് ശർമ്മക്കൊപ്പം മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ ആണ് അശ്വിൻ തന്റെ തീരുമാനം അറിയിച്ചത്. തന്റെ മുൻ നായകന്മാർക്കും ടീം അംഗങ്ങൾക്കും എല്ലാം നന്ദി പറഞ്ഞ അശ്വിൻ ഇപ്പോൾ തന്നോട് കൂടുതലായി ഒന്നും ചോദിക്കരുതെന്നും എന്നാൽ താൻ വളരെ വിഷമത്തിൽ ആണെന്നും പറഞ്ഞിരിക്കുകയാണ്. പെർത്ത് ടെസ്റ്റ് സമയത്ത് തന്നെ അശ്വിൻ വിരമിക്കൽ തീരുമാനം എടുത്തിരുന്നു എന്നും എന്നാൽ ടീമിന്റെ ആവശ്യം പരിഗണിച്ച് തുടരുക ആയിരുന്നു എന്നുമാണ് രോഹിത് പറഞ്ഞത്.
അശ്വിന്റെ സഹതാരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും എല്ലാം അദ്ദേഹത്തിന് നന്ദി അറിയിക്കുമ്പോൾ സഞ്ജു സാമം കുറിച്ചത് ഇങ്ങനെ- ”ഓൺ ഫീൽഡിലും പുറത്തും താങ്കൾ ഒരുപാട് നല്ല ഓർമകൾ തന്നു. അശ്വിൻ അണ്ണാ, എല്ലാ കാര്യങ്ങൾക്കും കടപ്പെട്ടിരിക്കുന്നു.” സഞ്ജു കുറിച്ചിട്ടു.
സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസിൽ അശ്വിൻ കളിച്ചിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് തനിക്ക് ഏറ്റവും ആവശ്യമുള്ള പല സമയത്തും അശ്വിൻ വലിയ സഹായം നൽകിയിട്ടുണ്ട്. ഈ സീസണിൽ രാജസ്ഥാൻ അദ്ദേഹത്തിനായി ശ്രമിച്ചെങ്കിലും മുൻ ടീമായ ചെന്നൈ അശ്വിനെ സ്വന്തമാക്കുക ആയിരുന്നു.