റോണി ജേക്കബ്
” അവഗണന” എന്ന പദത്തിന് ക്രിക്കറ്റ് നിഘണ്ടുവിലൊരു അർത്ഥം നിങ്ങൾ തിരഞ്ഞാൽ ,ലഭിക്കുന്ന ഉത്തരം സഞ്ജു സാംസൺ എന്നായിരിക്കും.ഇന്നും ടീമിൽ നിന്ന് പുറത്ത്!! തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങിയവൻ ടീമിലും!
അടുത്ത ക്രിക്കറ്റ് വേൾഡ് കപ്പ് വരെ സഞ്ജു ഇനി ടീമിൽ ഉണ്ടാവില്ല..ന്യൂസിലാൻഡ് പര്യടനത്തിൽ ഇനി ഒരു മൽസരമേയുള്ളു.. അതിലും പ്ലെയിംഗ് ഇലവനിൽ ഇടം കിട്ടില്ല.അതു കഴിഞ്ഞുള്ള ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ അംഗവുമല്ല!
ബംഗ്ലാദേശ് പര്യടനം കഴിയുമ്പോൾ ഋഷബ് പന്ത് എങ്ങനേയേലും ഒരു ഫിഫ്റ്റി അടിക്കും – ലോകകപ്പ് വരെ ടീമംഗമാവാൻ വാവക്ക് അത് മതി! പച്ച മലയാളത്തിൽ പറഞ്ഞാൽ ഇത് കടുത്ത നീതിനിഷേധം തന്നെയാണ്. പണ്ട് ഒഡീഷ കളിക്കാർ ടീമിലില്ലാത്തതിനെ തുടർന്ന് അവർ പ്രതിഷേധിച്ചതു പോലെ… ബംഗാൾ കളിക്കാരെ തഴയുന്നു എന്ന് പറഞ്ഞ്, വംഗനാട്ടുകാർ പ്രതിഷേധിച്ചതു പോലെ… മലയാളിയും പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ എന്തു കാര്യം??
വിജയങ്ങളേക്കാൾ കൂടുതൽ BCCI ക്ക് വേണ്ടത് കളിക്കാരുടെ മാർക്കറ്റ് വാല്യു മാത്രമാണ്.. അത് കൂടാൻ വേണ്ടി അവർക്ക് അവസരങ്ങൾ ലഭിച്ചു കൊണ്ടേയിരിക്കും… ജയത്തിനും തോൽവിക്കും അവിടെ പ്രസക്തിയേയില്ല! നമ്മുടെ ടീം ഏഷ്യാ കപ്പിൽ തകർന്നു തരിപ്പണമാക്കുന്നത് നാം കണ്ടതാണ്.. എന്നിട്ടോ?? ഒരു മാറ്റവുമില്ലാതെ അവരെ തന്നെ ലോകകപ്പിന് ഓസീസിലേക്കയച്ചു – ഫലമോ, വീണ്ടും തോൽവി… ഇനി മാറ്റമുണ്ടാവുമോ – ഒന്നും പ്രതീക്ഷിക്കണ്ട, ഇവര് തന്നെ അടുത്ത വർഷം ലോകകപ്പ് ഇലവനിലും പാട് കെട്ടും.!
ഓ.. സഞ്ജു….നിന്നെയോർത്ത് കണ്ണീർ പൊഴിക്കാനല്ലാതെ മറ്റൊന്നിനും സാധിക്കില്ല..കാരണം ഇത് ഇന്ത്യയാണ്, BCCI യാണ്… ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് കഴിവ് മാത്രം നോക്കിയല്ല!!
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ