അവസാനമായി സിഡ്‌നിയിൽ വിരാട് കോഹ്‌ലിയെ പുറത്താക്കിയതിന് ശേഷം സ്‌കോട്ട് ബോളണ്ട് ഇപ്പോൾ നാല് തവണയാണ് കോഹ്‌ലിയെ സിഡ്‌നിയിൽ പുറത്താക്കുന്നത്. വിരാട് കോഹ്‌ലി മധ്യഭാഗത്തേക്കാൾ കൂടുതൽ ഇപ്പോൾ കളിക്കുന്നത് ബാറ്റിൻ്റെ എഡ്ജ് കൊണ്ടാണ്. ഇതൊരു വാർത്തയാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല. ഇതൊരു ആശങ്കയാണോ? തീർച്ചയായും. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തുകൾ കുത്തുന്നത് ചെറുക്കാൻ കോഹ്‌ലിക്ക് കഴിയുന്നില്ല, ഈ ദൗർബല്യം ഓസ്‌ട്രേലിയ നന്നായി മുതലെടുക്കുകയും ചെയ്യുന്നു.
ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൻ്റെ ഒന്നാം ദിനമായ ഇന്നലെ, കോഹ്‌ലി വീണ്ടും സ്ലിപ്പിൽ സമാനമായ രീതിയിൽ എഡ്ജിൽ വീഴുകയായിരുന്നു. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് നാലാം തവണയാണ് സ്‌കോട്ട് ബോളണ്ട് കോഹ്‌ലിയെ പുറത്താക്കുന്നത്. അതിൽ നാലും പിന്നിൽ ക്യാച്ച് നൽകിയാണ് എന്നതാണ് കൂടുതൽ കൗതുകകരം.
അഡ്‌ലെയ്ഡ് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിലും മെൽബൺ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിലും ഇപ്പോൾ സിഡ്‌നിയിലും കോഹ്‌ലിയെ ബോളണ്ട് പുറത്താക്കി. കൂടാതെ, രണ്ട് വർഷം മുമ്പ് ലോർഡ്‌സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ കോഹ്‌ലിക്ക് മേൽ ബോളണ്ട് ഉണ്ടായിരുന്നു. ബോളണ്ട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുന്നത് തുടരുമ്പോൾ, പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് വേണ്ടി പ്ലേയിംഗ് ഇലവനിൽ ഇറങ്ങിയ ഓസ്‌ട്രേലിയൻ പേസർ, മുൻ ഇന്ത്യൻ ക്യാപ്റ്റനെതിരെയുള്ള ബൗളിംഗിന് പിന്നിലെ ആസൂത്രണം വെളിപ്പെടുത്തുന്നു.
“അവൻ പന്ത് പലതും ലീവ് ചെയ്യും, ഒരുപാട് പന്തുകൾ പ്രതിരോധിച്ചുവെന്ന് മനസിലാക്കുമ്പോൾ കോഹ്‍ലി റൺസ് കണ്ടെത്താൻ നിർബന്ധിതനാകും. അപ്പോൾ ഓഫ്സൈഡിന് പുറത്ത് തുടർച്ചായി പന്തെറിയും. അതിൽ ബാറ്റുവെയ്ക്കുന്ന കോഹ്‍ലി സ്വന്തം വിക്കറ്റ് നഷ്ടമാക്കും” ബോളണ്ട് പറഞ്ഞു.