ട്വന്റി20 ലോക കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സ്‌കോട്ട്‌ലന്‍ഡ് സൂപ്പര്‍ 12 യോഗ്യതക്ക് അരികിലെത്തി. രണ്ടാം മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ സ്‌കോട്ടിഷ് പട പതിനേഴ് റണ്‍സിന് തോല്‍പ്പിച്ചു. ഇതോടെ ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി സ്‌കോട്ട്‌ലന്‍ഡ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ സ്‌കോട്ട്‌ലന്‍ഡ് അട്ടിമറിച്ചിരുന്നു. സ്‌കോര്‍: സ്‌കോട്ട്‌ലന്‍ഡ്-165/9 (20 ഓവര്‍). പാപ്പുവ ന്യൂ ഗിനിയ-148 (19.3).
സ്‌കോട്ട്‌ലന്‍ഡിനെ അല്‍പ്പം വിയര്‍പ്പിച്ചശേഷമാണ് പാപ്പുവ ന്യൂ ഗിനിയ മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡിനുവേണ്ടി റിച്ചി ബെറിംഗ്ടണ്‍ (70, ആറ് ഫോര്‍, മൂന്ന് സിക്‌സ്), മാത്യു ക്രോസ് (45, രണ്ട് ഫോര്‍, രണ്ട് സിക്‌സ്) മികച്ച പ്രകടനം പുറത്തെടുത്തു. നാല് വിക്കറ്റ് പിഴുത കബുവ മൊറേയയും മൂന്നു പേരെ മടക്കിയ ചാഡ് സോപെറുമാണ് സ്‌കോട്ട്‌ലന്‍ഡ് റണ്‍സ് ഒഴിക്കിന് തടയിട്ടത്.
ചേസ് ചെയ്ത പാപ്പുവ ന്യൂ ഗിനിയക്കുവേണ്ടി നോര്‍മാന്‍ വനുമ 47 റണ്‍സുമായി പൊരുതി. നായകന്‍ ആസാദ് വാല (18), സെസെ ബാവു (24), കിപ്ലിന്‍ ഡോറിഗ (18), സോപെര്‍ (16) എന്നിവരും രണ്ടക്കം കടന്നു. സ്‌കോട്ട്‌ലന്‍ഡ് ബോളര്‍മാരില്‍ ജോഷ് ഡാവി നാല് വിക്കറ്റ് പിഴുതു.