2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോക കപ്പില്‍ ബംഗ്ലാദേശ് ടീം ചാമ്പ്യന്‍മാരായില്ലെങ്കില്‍ 2027 ലെ ലോക കപ്പിലും താന്‍ ടീമിലുണ്ടാകുമെന്ന പ്രഖ്യാപനവുമായി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം കാലം താന്‍ കരിയര്‍ തുടരുമെന്നും എന്ന് മടുപ്പ് തോന്നുന്നുവോ അന്ന് കളി അവസാനിപ്പിക്കുമെന്നും താരം വ്യക്തമാക്കി.
2019 ല്‍ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ഏകദിന ലോക കപ്പില്‍ മാസ്മരിക പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ 606 റണ്‍സ് അടിച്ചു കൂട്ടിയ താരം രണ്ട് സെഞ്ച്വറികളും, അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് നേടിയത്. ബോളിംഗിലും മിന്നിത്തിളങ്ങിയ ഷക്കീബ് അഫ്ഗാനിസ്ഥാനെതിരെ സ്വന്തമാക്കിയ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ മൊത്തം 11 വിക്കറ്റുകളാണ് പിഴുതത്.
ബംഗ്ലാദേശിനായി 57 ടെസ്റ്റുകളും, 209 ഏകദിനങ്ങളും, 76 ടി20കളും ഷക്കീബ് ഇതുവരെ കളിച്ചിട്ടുണ്ട്. ഷക്കീബ് ഇപ്പോള്‍ ഐ.പി.എല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ട്. ഐ.പി.എല്ലില്‍ കെകെആറിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഫെബ്രുവരില്‍ നടന്ന മിനിലേലത്തിലാണ് താരത്തെ കെകെആര്‍ ടീമിലെത്തിച്ചത്. ഐ.സി.സിയുടെ വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഷാക്കിബ് ഐ.പി.എലില്‍ കളിച്ചിരുന്നില്ല.
ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.