രാജസ്ഥാന്റെ ജോസ് ബട്‌ലറില്‍ നിന്നും തകര്‍പ്പനടി നേടിയതോടെ ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരമെന്ന നാണക്കേടില്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളിതാരം ബേസില്‍ തമ്പി. പവര്‍പ്‌ളേയിലെ നാലാമത്തെ ഓവറില്‍ ബേസില്‍ വഴങ്ങിയത് 26 റണ്‍സായിരുന്നു.
ആദ് പന്ത് ഡോട്ടാക്കി തുടങ്ങിയ ബട്‌ളര്‍ രണ്ടാം പന്തില്‍ ബൗണ്ടറിയടിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ടു പന്തില്‍ സിക്‌സര്‍ പറത്തി. അടുത്ത പന്തില്‍ ബൗണ്ടറിയും അവസാന പന്തില്‍ സിക്‌സറും പറത്തി. ഐപിഎല്‍ 15ാം സീസണ്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും മോശം ഓവറു കളിലൊന്നാണിത്. ബുംറയും സാംസും ചേര്‍ന്ന് രാജസ്ഥാനെ ആദ്യ മൂന്ന് ഓവറില്‍ വലിയ സ്‌കോര്‍ നേടാതെ തടഞ്ഞു നിര്‍ത്തിയതിന് പിന്നാലെയാണ് ബേസില്‍ നാലാം ഓവര്‍ എറിയാനെത്തിയത്.
അതേസമയം 30 റണ്‍സ് ഒരോവറില്‍ വിട്ടുകൊടുത്ത പഞ്ചാബിന്റെ ഒഡീന്‍ സ്മിത്താണ് ഈ സീസണില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയയാള്‍. 25 റണ്‍സ് വിട്ടുകൊടുത്ത് സിഎസ്‌കെയുടെ ശിവം ദുബെ, ആര്‍സിബിയുടെ മുഹമ്മദ് സിറാജ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്.
ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടിന്റെ റെക്കോഡും ബേസിലിന്റെ പേരിലാണ്. 2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ബേസില്‍ തമ്പി നാല് ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്.
ആറ് സിക്സും അഞ്ച് ബൗണ്ടറിയും ബേസിലിന് വഴങ്ങേണ്ടി വന്നു. അതേസമയം കഴിഞ്ഞ മത്സരത്തിലും ബട്‌ളര്‍ സമാന രീതിയിലുള്ള ബാറ്റിംഗ് നടത്തി. അന്ന് ഇരയായത് ഉമ്രാന്‍ മാലിക്കായിരുന്നു. 21 റണ്‍സാണ് ബട്‌ളര്‍ മാലിക്കിന്റെ ഓവറില്‍ അടിച്ചത്.