നേടിയത് ഒരു വിക്കറ്റ്; മുഹമ്മദ് ഷമി പുതിയ ഉയരത്തില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിക്ക് പുതിയ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ നൂറ് വിക്കറ്റ് എന്ന നാഴികകല്ലാണ് ഷമി നേടിയത്. സെഞ്ച്യൂറിയനില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജിനെ പുറത്താക്കിയാണ് താരം ടെസ്റ്റില്‍ 100ാം വിക്കറ്റ് നേടിയത്.

കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷമി രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ടെസ്റ്റ് വിക്കറ്റ് നേട്ടം 100ആക്കി. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ശ്രീനാഥ്, ഇഷാന്ത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, തുടങ്ങിയവരുടെ നിരയിലേക്കാണ് ഇതോടെ ഷമിയും വിക്കറ്റ് നേട്ടത്തില്‍ എത്തിയത്. കരിയറില്‍ തന്റെ 29ാം ടെസ്റ്റ് മത്സരത്തിലാണ് താരം 100ാം വിക്കറ്റ് നേടിയത്.

രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വേഗത്തില്‍ നൂറു ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരം. 18 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2013 നവംബറില്‍ ഈഡന്‍ ഗാര്‍ഡനിലാണ് മുഹമ്മദ് ഷമി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.