ഷമി പുറത്തേയ്ക്ക്, പകരം അവന്‍ ടീമിലേക്ക്; അപ്രതീക്ഷിത നീക്കം

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര 20ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരമ്പര നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. താരത്തിന് കോവിഡ് പോസിറ്റീവായതാണ് പ്ലാനുകള്‍ തകിടംമറിച്ചിരിക്കുന്നത്.

ഷമിയുടെ പകരക്കാരനായി ഇന്ത്യ സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഉമേഷ് യാദവ് ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. ഏഴ് ടി20കള്‍ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള ഉമേഷ് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഇന്ത്യ ടി20 ലോകകപ്പിലേക്ക് ബാക്കപ്പ് താരമായാണ് ഷമിയെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഓസീസ് പരമ്പരയിലെയടക്കം പ്രകടനം വിലയിരുത്തി ഇന്ത്യ ഷമിയെ ലോകകപ്പ് ഇലവനിലേക്ക് പരിഗണിക്കാന്‍ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി താരത്തിന് വിട്ടുനില്‍ക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Read more

ഓസീസിനെതിരായ പ്രകടനം വിലയിരുത്തി താരത്തെ ലോകകപ്പ് ടീമിലേക്ക് ഉള്‍പ്പെടുത്തുമെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം ഇന്നലെ പറഞ്ഞിരുന്നു. അതിന് മണിക്കൂറുകള്‍ക്ക് ശേഷം താരത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.