വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് ഏറ്റവും ഭയപ്പെടുന്ന ഇന്ത്യന്‍ താരം ആരെന്ന് ചൂണ്ടിക്കാട്ടി ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്സണ്‍. അത് വിരാട് കോഹ്‌ലിയോ ഋഷഭ് പന്തോ ജസ്പ്രീത് ബുംറയോ അല്ലെന്നും യശ്വസി ജയ്സ്വാള്‍ ആണെന്നുമാണ് വാട്സണ്‍ പറയുന്നത്.
പൂജാര അധികം തെറ്റുകള്‍ വരുത്താത്ത താരങ്ങളിലൊരാളാണ്. ഇന്ത്യയുടെ പല ബാറ്റര്‍മാരും ഇന്ന് അങ്ങനെയാണ്. യശ്വസി ജയ്സ്വാളിനെപ്പോലെയുള്ള യുവതാരങ്ങളെ നോക്കുക. ഔട്ടാക്കാനുള്ള അവസരം എതിരാളികള്‍ക്ക് അധികം നല്‍കാത്ത താരമാണ് ജയ്സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുണ്ട്. ഓസ്ട്രേലിയയില്‍ അതിവേഗത്തില്‍ ജയ്സ്വാള്‍ റണ്‍സുയര്‍ത്തിയാല്‍ ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതലാണ്.
മത്സരത്തെ അതിവേഗത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നവനാണ് ജയ്സ്വാള്‍. ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം വലിയ പ്രതിഭയുള്ളവരാണ്. എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി റണ്‍സുയര്‍ത്താന്‍ കഴിവുള്ളവര്‍ ആണെന്ന് മാത്രമല്ല തെറ്റുകള്‍ വരുത്തുന്നത് കുറവാണെന്നുമാണ് കാണാനാവുന്നത്- വാട്സണ്‍ പറഞ്ഞു.
2023 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ജയ്‌സ്വാള്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 11 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ താരം 64.05 ശരാശരിയില്‍ 1217 റണ്‍സ് അദ്ദേഹം നേടി.