16 സിക്‌സുകള്‍; അമ്പരപ്പിച്ച് വാട്‌സന്റെ വെടിക്കെട്ട് സെഞ്ച്വറി

പ്രായം തളര്‍ത്തിയ താരം എന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍ തകര്‍പ്പന്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി രംഗത്ത്. സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റില്‍ 53 പന്തില്‍ സെഞ്ച്വറി നേടിയാണ് വാട്‌സണ്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

16 സിക്‌സുകളും ഒരു ഫോറും സഹിതമായിരുന്നു ഓസീസ് താരത്തിന്റെ തീപ്പൊരു ബാറ്റിംഗ് പ്രകടനം. മത്സരത്തില്‍ 114 റണ്‍സാണ് വാട്‌സണ്‍ അടിച്ചെടുത്തത്. ബൗണ്ടറികളില്‍ നിന്ന് മാത്രം 100 റണ്‍സാണ് വാട്‌സന്റെ സമ്പാദ്യം.

മോസ്മാന്‍ ടീമിനെതിരെ സതര്‍ലന്‍ഡ് ടീമിനായാണ് വാട്‌സണ്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചത്. വാട്‌സന്റെ വെടിക്കെട്ട് പ്രകടനത്തോടെ 16ാം ഓവറില്‍ വിജയലക്ഷ്യം മറികടക്കാനും സതര്‍ലന്‍ഡിനായി. വാട്സന്റെ ഈ പ്രകടനത്തോടെ സതര്‍ലന്‍ഡ് ടീം കിംഗ്‌സ് ഗ്രോവ് സ്‌പോര്‍ട്‌സ് ടി20 കപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടി.

ഈ വര്‍ഷത്തെ ബിഗ് ബാഷ് ലീഗ് ടി20 മത്സരങ്ങള്‍ അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെയാണ് വെടിക്കെട്ട് ബാറ്റിംഗുമായി അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയത്. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് വാട്ട്‌സണ്‍.

2015 ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ വാട്ട്‌സണ്‍ 15 സിക്‌സറുകള്‍ അടിച്ചിരുന്നു. ഒറ്റ മത്സരത്തില്‍ നിന്ന് 15 സിക്‌സറുകള്‍ അടിച്ച അന്നത്തെ സ്വന്തം നേട്ടം തിരുത്തിക്കുറിക്കാനും ഈ മത്സരത്തോടെ വാട്ട്‌സണ് കഴിഞ്ഞു.