ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ശിഖർ ധവാൻ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശിഖർ തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ അനേകം വിജയങ്ങളിലേക്ക് നയിച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം എന്തായാലും ആരാധകർക്ക് ഞെട്ടലുണ്ടാക്കി എന്ന് പറയാം.
ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
ശരിക്കുമൊരു ബിഗ് മാച്ച് പ്ലയർ തന്നെ ആയിരുന്നു ധവാൻ എന്നത് ചില കണക്കുകൾ പറയും. ചെറിയ പരമ്പരകളിൽ തിളങ്ങുന്നതിനേക്കാൾ ഉപരി ഏഷ്യ കപ്പ്, ഐസിസി ടൂർണമെന്റ് എന്നിവയിലൊക്കെ ആയിരുന്നു താരം കൂടുതലായി തിളങ്ങിയിരുന്നത്. വലിയ മത്സരം വരുമ്പോൾ കളി മറക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനായി ചാമ്പ്യൻസ് ട്രോഫി 2013 ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2015ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, ചാമ്പ്യൻസ് ട്രോഫി 2017-ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2018 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് എന്നിവ എല്ലാം ശിഖറിന്റെ നേട്ടങ്ങളാണ്.
Read more
ഇത് കൂടാതെ രോഹിത് ശർമ്മക്കൊപ്പം 117 ഇന്നിംഗ്‌സിൽ നിന്നായി 5193 റൺസും അതിൽ 18 സെഞ്ച്വറി കൂട്ടുകെട്ടും 15 അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടും പിറന്നപ്പോൾ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയുടെ കൂടെ ഭാഗം ആയിരുന്നു ധവാൻ.