ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ശിഖർ ധവാൻ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശിഖർ തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ അനേകം വിജയങ്ങളിലേക്ക് നയിച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം എന്തായാലും ആരാധകർക്ക് ഞെട്ടലുണ്ടാക്കി എന്ന് പറയാം.
ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
രോഹിത് ശർമ്മ- ശിഖർ ധവാൻ ഓപ്പണിങ് കോമ്പിനേഷൻ ഒരു സമയത്ത് ലോകത്തിലെ ഏതൊരു ബോളിങ് നിരയെയും വിറപ്പിച്ചിരുന്നു. ഐസിസി ട്രോഫികളിലും ഇന്ത്യയുടെ പ്രധാന മത്സരങ്ങളിലും എന്നും വലിയ സംഭാവന നൽകിയിട്ടുള്ളത് ധവാൻ ശരിക്കുമൊരു ബിഗ് മാച്ച് പ്ലയർ തന്നെ ആയിരുന്നു എന്നത് യാതൊരു സംശയവും ഇല്ലാതെ പറയാം. 2013 ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കുമ്പോൾ അതിൽ ഏറ്റവും അധികം അഭിനന്ദിക്കേണ്ടത് ടൂർണമെന്റിൽ ഉടനീളം തിളങ്ങിയ ധവാനെ തന്നെ ആണ്.
2022 ൽ അവസാന ഏകദിനവും 2018 ൽ അവസാന ടെസ്റ്റ് മത്സരവും കളിച്ച ധവാൻ ഇന്ത്യക്കായി 34 ടെസ്റ്റിൽ 2315 റൺസും 167 ഏകദിനങ്ങളിൽ 6793 റൺസും നേടി തിളങ്ങിയിട്ടുണ്ട്. ടി 20 യിൽ ആകട്ടെ 68 മത്സരങ്ങളിൽ 1759 റൺസും നേടിയിട്ടുണ്ട്. സമീപകാലത്ത് അവസരങ്ങൾ കിട്ടാതിരുന്ന ധവാൻ ഇനി ഒരു തിരിച്ചുവരവിന് അവസരം ഇല്ലെന്ന് ഉറപ്പിച്ച് തന്നെ തീരുമാനം എടുക്കുക ആയിരുന്നു.