രാജസ്ഥാന് വമ്പന്‍ തിരിച്ചടി, ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാന്‍ റോയല്‍സിന്റെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്മയര്‍ നാടായ ഗയാനയിലേക്ക് മടങ്ങിയത്. ഹെറ്റ്മയറെ യാത്ര അയക്കുന്ന വീഡിയോ ടീം ട്വിറ്ററില്‍ പങ്കുവെച്ചു.

‘എന്റെ സാധനങ്ങള്‍ റൂമില്‍ ഞാന്‍ വച്ചിട്ടുണ്ട്. സ്പെഷ്യല്‍ എമര്‍ജന്‍സി കാരണമാണ് ഞാന്‍ പോകുന്നത്. എന്നെ അധികം മിസ് ചെയ്യരുത്. ഉടനെ കാണാം.’ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ ഹെറ്റ്മയര്‍ പറഞ്ഞു.

പഞ്ചാബിനെതിരെയുള്ള മത്സര ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ചേസ് ചെയ്ത് വിജയിക്കുമ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ഹെറ്റ്‌മെയര്‍ ക്രീസില്‍ ഉണ്ടായിരുന്നു. ഹെറ്റ്മയറുടെ ഈ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

രാജസ്ഥാന്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരം ഉടന്‍ തന്നെ ആവശ്യം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ജെയിംസ് നീഷാം, ഡാരില്‍ മിച്ചെല്‍, കരുണ്‍ നായര്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍ എന്നിവരാണ് ഹെറ്റ്മയറിന് പകരക്കാരനായി ടീമിലേക്ക് എത്താന്‍ കാത്തിരിക്കുന്നവര്‍.