ജയിക്കുക എന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അത് ശീലമാക്കുന്നവർ കുറവാണ്. എന്തായാലും ഇന്ത്യൻ താരം ശിവം ദുബെ അതിൽ പ്രാവീണ്യം നേടിയ ആളാണ് എന്ന് പുതിയ കണക്കുകൾ കാണിക്കുന്നു. ലോക ക്രിക്കറ്റിലെ ഏതൊരു താരവും മോഹിക്കുന്ന തകർപ്പൻ റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി 30 ടി 20 ഐ മത്സരങ്ങൾ വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് ശിവം.
ശിവം ദുബെ കളിച്ചാൽ ഇന്ത്യ ജയിക്കും- അത് ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തോൽവി അറിയാതെ താൻ ഭാഗമായ 30 മത്സരങ്ങളിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ താരത്തിനായി. ടി20യിലെ ദുബെയുടെ യാത്ര തുടക്കത്തിൽ സുഗമമായിരുന്നില്ല. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും ആ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. തൻ്റെ ആദ്യ അഞ്ച് ടി20യിൽ രണ്ട് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ അതിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും ശിവം ദുബൈ ഉള്ളപ്പോൾ ഇന്ത്യ തോറ്റില്ല.
2020 ജനുവരിയിൽ ഇന്ത്യ ന്യൂസിലൻഡിനെ 5-0ന് തകർത്തതോടെയാണ് ഈ സ്ട്രീക്ക് ആരംഭിച്ചത്, ദുബെ എല്ലാ കളിയുടെയും ഭാഗമായിരുന്നു. പിന്നീട് 2024 വന്നു, അവിടെ അദ്ദേഹം ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയിച്ച കാമ്പെയ്‌നിൽ നിർണായക പങ്ക് വഹിച്ചു. അവിടെ എട്ട് മത്സരങ്ങളിലും താരം പങ്കെടുക്കുകയും അവയെല്ലാം വിജയിക്കുകയും ചെയ്തു.
അടുത്തിടെ, ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ദുബൈയെ ടീം വിളിച്ചിരുന്നു. അവസാന രണ്ട് മത്സരങ്ങൾ കളിച്ച അദ്ദേഹം നാലാം ടി20യിൽ ഫിഫ്റ്റി നേടി, അവസാന മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും താരം മികച്ച രീതിയിൽ പരമ്പര അവസാനിപ്പിക്കുകയും ചെയ്തു.
ദുബൈയുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ ഈ തകർപ്പൻ റെക്കോഡ് അവരുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.
Read more
https://x.com/ChennaiIPL/status/1886401884904464408?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1886401884904464408%7Ctwgr%5E%7Ctwcon%5Es1_&ref_url=about%3Ablank