ചൊവ്വാഴ്ച ദുബായിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് മത്സരശേഷം സ്മിത്ത് സഹതാരങ്ങളോട് പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ പ്രസ്താവന പ്രകാരം സ്മിത്ത് ടെസ്റ്റ്, ടി20 ഇൻ്റർനാഷണൽ മത്സരങ്ങളിൽ തുടർന്നും കളിക്കും.
2010-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ലെഗ് സ്പിന്നിംഗ് ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങൾ കളിച്ച് 43.28 ശരാശരിയിൽ 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 5800 റൺസും 34.67 ശരാശരിയിൽ 28 വിക്കറ്റും നേടി.
ഓസ്‌ട്രേലിയയുടെ 2015, 2023 ഐസിസി ലോകകപ്പ് നേടിയ ടീമുകളിൽ അംഗമായ സ്മിത്ത് കുറച്ചുകാലം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി സേവനം ചെയ്തു. അതിനിടെ പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയയെ നയിക്കാൻ എത്തുക ആയിരുന്നു. ഏകദിനത്തിലേക്ക് വന്നാൽ സ്മിത്ത് 2015, 2021 വർഷങ്ങളിലെ ഓസ്‌ട്രേലിയൻ പുരുഷ ഏകദിന കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015 ലെ ഐസിസി പുരുഷ ഏകദിന ടീമിലെ അംഗവുമാണ്.
അതേസമയം മത്സരത്തിലേക്ക് വന്നാൽ ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. ഇതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഓസ്‌ട്രേലിയയുടെ 265 റൺസ് ഇന്ത്യ മറികടന്നത്.