ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം എന്നന്നേയ്ക്കുമായി നിര്‍ത്തണം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുളള ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ എന്നന്നേയ്ക്കുമായി നിര്‍ത്തിവയ്ക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമി. തീവ്രവാദി ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെ ആയുധധാരികളായി എത്തിയ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അവര്‍ അത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് പറയുകയാണ് ശ്രീവത്സ് ഗോസ്വാമി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാത്തതിനെ തുടര്‍ന്ന് കായികം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് പറഞ്ഞ ആളുകളെ തന്റെ എക്‌സ് പോസ്റ്റില്‍ അദ്ദേഹം ശാസിച്ചു.

“പാകിസ്ഥാന്റെ ദേശീയ കായിക വിനോദം നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്നും ദൃഢനിശ്ചയത്തോടെയും അന്തസോടെയും തിരിച്ചടിക്കേണ്ട സമയമാണിതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. ‘ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുതെന്ന്. ഇപ്പോഴും, ഇനിയൊരിക്കലും കളിക്കരുത്. ബിസിസിഐയോ സര്‍ക്കാരോ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ഇന്ത്യയെ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചിലര്‍ പറഞ്ഞത് കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണം എന്നായിരുന്നു. ശരിക്കും? കാരണം എന്റെ സ്ഥാനത്ത് നിന്ന് നോക്കുമ്പോള്‍ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് അവരുടെ ദേശീയ കായിക വിനോദമാണെന്ന് തോന്നുന്നു. അവര്‍ അങ്ങനെയാണ് കളിക്കുന്നതെങ്കില്‍ അവര്‍ക്ക് ശരിക്കും മനസിലാവുന്ന ഭാഷയില്‍ നമ്മള്‍ പ്രതികരിക്കേണ്ട സമയമാണിത്. ബാറ്റും പന്തും ഉപയോഗിച്ചല്ല. പക്ഷേ ദൃഢനിശ്ചയത്തോടെ അന്തസ്സോടെ സീറോ ടോളറന്‍സോടെ, അദ്ദേഹം പറഞ്ഞു.

‘എനിക്ക് ദേഷ്യം വരുന്നു. ആകെ തകര്‍ന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ലെജന്‍ഡ്‌സ് ലീഗിനായി ഞാന്‍ കശ്മീരിലായിരുന്നു. അന്ന് പഹല്‍ഗാമിലൂടെ നടന്നു, നാട്ടുകാരെ കണ്ടു, അവരുടെ കണ്ണുകളില്‍ പ്രതീക്ഷ തിരിച്ചുവരുന്നത് കണ്ടു. ഒടുവില്‍ സമാധാനം തിരിച്ചുവന്നതുപോലെ തോന്നി. ഇപ്പോള്‍, ഈ രക്തച്ചൊരിച്ചില്‍ വീണ്ടും. അത് നിങ്ങളുടെ ഉള്ളിലെ എന്തോ ഒന്ന് തകര്‍ക്കുന്നു. നമ്മുടെ ആളുകള്‍ മരിക്കുമ്പോള്‍ നമ്മള്‍ എത്ര തവണ നിശബ്ദത പാലിക്കണമെന്നും ‘കായികമായി’ തുടരണമെന്നും ഇത് നിങ്ങളെ ചോദ്യം ചെയ്യുന്നു. ഇനി വേണ്ട ഇങ്ങനെ ദാരുണ സംഭവങ്ങള്‍, ശ്രീവത്സ് ഗോസ്വാമി കുറിച്ചു.