ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യക്കായി ശ്രേയസ് അയ്യരും ആര്‍. അശ്വിനും പൊരുതുന്നു. ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 84/5 എന്ന നിലയിലാണ് ഇന്ത്യ. ആതിഥേയ ടീമിനിപ്പോള്‍ 133 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്.
ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരനായ ശ്രേയസ് അയ്യര്‍ 18ഉം അശ്വിന്‍ 20ഉം റണ്‍സ് വീതം നേടിയിട്ടുണ്ട്. ഇരുവരും മൂന്നു ബൗണ്ടറികള്‍ വീതം സ്വന്തമാക്കി. വന്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. മധ്യനിരയിലെ കരുത്തരായ നായകന്‍ അജിന്‍ക്യ രഹാനെയെയും (4) വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയെയും (22) ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും (17) രവീന്ദ്ര ജഡേജ (0)യെയും ഇന്ത്യക്ക് അതിവേഗം നഷ്ടപ്പെട്ടു.
രണ്ട് വിക്കറ്റ് പിഴുത ടിം സൗത്തിയും ഓരോരുത്തരെ വീതം പുറത്താക്കിയ കൈല്‍ ജാമിസനും അജാസ് പട്ടേലുമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.