ബിസിസിഐ സെന്‍ട്രല്‍ കരാര്‍ റദ്ദാക്കിയതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങിയ ശ്രേയസ് അയ്യര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സെമിഫൈനലില്‍ തമിഴ്നാടിനെതിരെ ആദ്യ ഇന്നിംഗ്സില്‍ അയ്യര്‍ക്ക് മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളൂ. എട്ട് ബോള്‍ മാത്രമായിരുന്നു ക്രീസിലെ താരത്തിന്റെ ആയുസ്സ്.
2023-24 ലെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്നും ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ഒഴിവാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നതില്‍നിന്നും ഇരുവരും വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ദേശീയ ടീം സെലക്ഷനുള്ള മത്സരത്തില്‍ തുടരാന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ജയ് ഷായും രാഹുല്‍ ദ്രാവിഡും താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എന്നിരുന്നാലും, ബിസിസിഐ കരാറില്‍നിന്നും പുറത്തുപോയങ്കിലും താരം രഞ്ജി ട്രോഫി കളിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. നേരത്തെ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് ശ്രേയസ് അവസാനം ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ ബാറ്റിംഗില്‍ താരം പരാജയപ്പെട്ടു. തുടര്‍ന്ന് അയ്യരെ ടീം ഇന്ത്യയില്‍നിന്ന് പുറത്താക്കിയെങ്കിലും പുറംവേദന ചൂണ്ടിക്കാട്ടി താരം ഇടവേളയെടുത്തു.
അയ്യര്‍ തന്റെ ഭാഗം എന്‍സിഎയെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. അതിന്റെ ഫലമായി എന്‍സിഎ അദ്ദേഹത്തെ ആരോഗ്യവാനാണെന്ന് പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ താരത്തോട് ആവശ്യപ്പെട്ടപ്പോള്‍, അയ്യര്‍ തന്റെ പുറം വേദനയെക്കുറിച്ച് പരാതിപ്പെട്ടില്ല. എന്നാല്‍, തന്റെ ഫിറ്റ്‌നസ്, ഗെയിം മാനേജ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍, അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ക്യാമ്പില്‍ പങ്കെടുത്തു. തുടര്‍ന്ന്, ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.