അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ തന്റെ റണ്‍വേട്ട തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ജ്വലിക്കുന്ന സെഞ്ച്വറി നേടിയ ഗില്‍ അഹമ്മദാബാദുമായുള്ള പ്രണയബന്ധം തുടര്‍ന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ബോളര്‍മാരെ ശിക്ഷിച്ച ഗില്‍ വെറും 95 പന്തില്‍ സെഞ്ച്വറി തികച്ചു. ഈ ഫോര്‍മാറ്റില്‍ ഗില്ലിന്റെ ഏഴാം സെഞ്ച്വറിയാണിത്. ഒപ്പം ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ 87 റണ്‍സ് നേടിയ ഗില്‍, കട്ടക്കില്‍ 60 റണ്‍സ് നേടി. രോഹിത് ശര്‍മ്മ ഒരു റണ്ണിന് നേരത്തെ പുറത്തായതിനാല്‍ 25-കാരന് കുറച്ച് നേരത്തെ ജോലികള്‍ ചെയ്യാനുണ്ടായിരുന്നു. ഗില്ലും കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍മാരില്‍ നിന്നുള്ള കൊടുങ്കാറ്റിനെ അതിജീവിച്ചു.
മത്സരത്തില്‍ 102 ബോള്‍ നേരിട്ട ഗില്‍ മൂന്ന് സിക്‌സും 14 ഫോറും സഹിതം 112 റണ്‍സെടുത്തു പുറത്തായി. ആദില്‍ റാഷിദിന്റെ ബോളില്‍ താരം ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു.
അഹമ്മദാബാദില്‍ എപ്പോഴും ഗില്ലിന്റെ ബാറ്റിന്റെ ഗര്‍ജ്ജിച്ചിട്ടുണ്ട്. എന്നിരുന്നാലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഏകദിനത്തിലെ ആദ്യ സെഞ്ച്വറിയാണ് ഗില്ലിന്റെ ഇന്നത്തേത്. ഇതോടെ ഈ ഗ്രൗണ്ടില്‍ കളിയുടെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏക താരമായി മാറാന്‍ താരത്തിനായി. ഈ ഗ്രൗണ്ടില്‍ 18 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികളുടെ അകമ്പടിയോടെ 953 റണ്‍സ് നേടി ഐപിഎല്‍ റെക്കോര്‍ഡും ഗില്ലിന്റെ പേരിലാണ്. ഐപിഎലില്‍ ഗില്‍ നായകനായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്.