IPL 2025: ശുഭ്മാന്‍ ഗില്ലിന്റെ വിവാഹം ഉടന്‍, കല്യാണ ഒരുക്കങ്ങള്‍ ആരംഭിച്ചു, ഞങ്ങളെ വിളിക്കില്ലേയെന്ന് കമന്റേറ്റര്‍, താരത്തിന്റെ മറുപടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 39 റണ്‍സ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും (90), സായി സുദര്‍ശന്റെയും (52) മികവിലാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഗുജറാത്ത് മികച്ച സ്‌കോര്‍ നേടിയത്. മൂന്നാമനായി ഇറങ്ങിയ ജോസ് ബട്‌ലറും ഗുജറാത്തിനായി കാര്യമായ സംഭാവന നല്‍കി. 199 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 159 റണ്‍സ് എടുക്കാനേ സാധിച്ചുളളൂ. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയേക്കാള്‍ ആധിപത്യം മത്സരത്തില്‍ നേടിയെടുക്കുകയായിരുന്നു ഗുജറാത്ത് ടീം.

ജിടിയെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്‌ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിനിടെ കമന്റേറ്റര്‍ ഡാനി മോറിസണ്‍ വിവാഹത്തെ കുറിച്ച് ശുഭ്മാന്‍ ഗിലിനോട് ചോദിച്ചിരുന്നു. ടോസ് സമയത്ത് കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെയോട് സംസാരിച്ച ശേഷമാണ് കമന്റേറ്റര്‍ ഗില്ലിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. “നിങ്ങളെ കാണാന്‍ നന്നായിട്ടുണ്ട് ഇന്ന്. വിവാഹ മണികള്‍ വരുന്നുണ്ടല്ലോ. ഉടന്‍ വിവാഹം കഴിക്കുമോ എന്നായിരുന്നു ഗില്ലിനോടുളള ചോദ്യം. ചോദ്യം കേട്ട് ആദ്യം കുറച്ച് സര്‍പ്രൈസ് ആയ ഗില്‍ എന്താണ് മറുപടി പറയുക എന്ന് വിചാരിച്ച് അല്‍പമൊന്ന് പതറി. പിന്നീട് ഒരു പുഞ്ചിരിയോടെ ‘ഇല്ല അങ്ങനെയൊന്നുമില്ല’ എന്ന് കമന്റേറ്ററിന് മറുപടി കൊടുക്കുകയായിരുന്നു.

Read more

മുന്‍പ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി ഗില്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഗില്ലിന്റെ മത്സരങ്ങളുടെ സമയത്ത് സാറയെ സ്റ്റേഡിയങ്ങളില്‍ കണ്ടതാണ് ഇവര്‍ തമ്മില്‍ റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ കാരണമായത്. മുന്‍പൊരിക്കല്‍ ഒരു ടിവി ചാറ്റ് ഷോയില്‍ സാറയുമായി നിങ്ങള്‍ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് ശുഭ്മാന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ എന്നായിരുന്നു അന്ന് ഗില്‍ അവതാരകയ്ക്ക് നല്‍കിയ മറുപടി.