സൈഡ് പ്ലീസ് കോഹ്‌ലി ഭായ്, വിരാടിനെ തൂക്കിയെറിഞ്ഞ് ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിച്ചുകയറ്റം നടത്തി യുവതാരം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ സഹതാരം വിരാട് കോഹ്‌ലിയെ പിന്നിലാക്കി ഋഷഭ് പന്ത്. പുതുക്കിയ പട്ടികയിൽ പന്ത് ഇപ്പോൾ ആറാം സ്ഥാനത്താണ്. വാഹനാപകടത്തെ തുടർന്ന് ഏറെ നാളുകളായി കളത്തിന് പുറത്തിരുന്ന പന്ത് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ടീമിൽ എത്തിയത്. ബാംഗ്ലൂരിൽ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ പന്ത് 20 ഉം 99 ഉം സ്‌കോർ ചെയ്തു. തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ഒടുവിൽ താരം ആറാം സ്ഥാനത്ത് എത്തുക ആയിരുന്നു. ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനമാണ് കോഹ്‌ലി നടത്തിയത് എങ്കിൽ അദ്ദേഹം എട്ടാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്.

ജോ റൂട്ട് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ യശ്വസി ജയ്‌സ്വാൾ നാലാം സ്ഥാനത്താണ്. ജയ്‌സ്വാൾ, പന്ത്, കോഹ്‌ലി എന്നിവർ മാത്രമാണ് ആദ്യ 10ൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനൊന്നാം റാങ്കിലെത്തി.

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ 31ഉം 63ഉം സ്‌കോർ ചെയ്ത പാകിസ്ഥാൻ താരം സൽമാൻ ആഘ എട്ട് സ്ഥാനങ്ങൾ കയറി 14-ാം റാങ്കിലെത്തി. ബാബർ അസം (19), മുഹമ്മദ് റിസ്വാൻ (21), സൗദ് ഷക്കീൽ (27) എന്നിവരാണ് ഉയർന്ന റാങ്കിൽ ഉള്ള പാകിസ്ഥാൻ താരങ്ങൾ. ഓപ്പണിംഗ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ 134, 39* റൺസ് നേടിയ രച്ചിൻ രവീന്ദ്ര 36 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 18-ാം റാങ്കിലെത്തി. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 91 റൺസ് നേടിയ ഡെവൺ കോൺവേ 12 സ്ഥാനങ്ങൾ ഉയർന്ന് 36-ാം റാങ്കിലെത്തി.

.