കുറച്ച് വർഷങ്ങളായി തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലിൽ ജീവിക്കുന്ന ടീമായിരുന്നു ശ്രീലങ്ക. എന്നാൽ സീനിയർ താരങ്ങളും യുവതാരങ്ങളും ഒകെ ചേരുന്ന ഒരു മികച്ച ടീമിനെ വാർത്തെടുത്ത് വരുന്നുണ്ട്. ഇപ്പോഴിതാ അതിന്റെ അടുത്ത പടിയായി മുൻ ഇംഗ്ലണ്ട് ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് ശ്രീലങ്കൻ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് രാജ്യത്തെ ക്രിക്കറ്റ് ബോർഡ് ശനിയാഴ്ച അറിയിച്ചു.
“ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസിനെ നിയമിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹം വളരെ പരിചയസമ്പന്നനായ പരിശീലകനാണ്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഞങ്ങൾ നടത്തിയ ചർച്ചകളിൽ നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഗുണങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാണ്, ”ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽസി) സിഇഒ ആഷ്‌ലി ഡി സിൽവ പറഞ്ഞു.
രണ്ട് വർഷത്തെ കരാറിലാണ് മുൻ ഇംഗ്ലണ്ട് പരിശീലകൻ ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ബംഗ്ലാദേശുമായി നടക്കുന്ന പരമ്പരയോടെ പരിശീലകൻ തന്റെ ജോലി ആരംഭിക്കും.
“ശ്രീലങ്കയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കൊളംബോയിലേക്ക് പോയി ജോലി ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് കഴിവുള്ളവരും ആവേശഭരിതരുമായ ഒരു കൂട്ടം കളിക്കാരുണ്ട്, കളിക്കാരുമായും കോച്ചിംഗ് സ്റ്റാഫുമായും കൂടിക്കാഴ്ച നടത്താൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഉടൻ അതിന് സാധിക്കും,” സിൽവർവുഡ് നന്ദിയായി പറഞ്ഞു .
ആഷസിലെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം കാരണമാണ് സിൽവർവുഡ് പരിശീലകന്റെ സ്ഥാനം രാജിവെച്ചത്.