ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20യിൽ തിലക് വർമ്മയും സഞ്ജു സാംസണും നടത്തിയ മിന്നുന്ന പ്രകടനം ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഇരുവരും പുറത്താകാതെ സെഞ്ച്വറി നേടിയ മത്സരത്തിൽ രണ്ടാം വിക്കറ്റിൽ 226 സ്ട്രൈക്ക് റേറ്റിൽ 210 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടും പങ്കിട്ടു.

47 പന്തിൽ 10 സിക്‌സറും 9 ഫോറും സഹിതം തിലക് 120 റൺസെടുത്തു. 255.31 സ്‌ട്രൈക്ക് റേറ്റ് ആണ് അദ്ദേഹത്തിൻ്റെ നേട്ടം. സാംസൺ 56 പന്തിൽ ഒമ്പത് സിക്സും ആറ് ഫോറും ഉൾപ്പെടെ പുറത്താകാതെ 109 റൺസ് നേടി. അഞ്ച് പ്രധാന റെക്കോർഡുകളാണ് ഇരുവരും ചേർന്ന് ഇന്നലത്തെ മത്സരത്തിൽ നേടിയത്.

1. ഒരു കലണ്ടർ വർഷത്തിൽ മൂന്ന് T20I സെഞ്ചുറികൾ അടിച്ച ആദ്യത്തെ ബാറ്റർ

111, 107, 109 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ടി20കളിലെ സഞ്ജു സാംസണിൻ്റെ സ്‌കോറുകൾ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് അദ്ദേഹം തൻ്റെ കന്നി സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഓപ്പണറിൽ സഞ്ജുവിന് 107 റൺസ് നേടാനായി. എന്നിരുന്നാലും, അടുത്ത രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് ഡക്കുകൾ അദ്ദേഹം രേഖപ്പെടുത്തി. അവസാന മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഗംഭീര സെഞ്ച്വറി നേടി.

2. ഒരു വിദേശ രാജ്യത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ

ഇന്ത്യ 20 ഓവറിൽ 283/1 എന്ന നിലയിൽ നേടിയത് ഒരു വിദേശ രാജ്യത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് നേടിയത്. ഫ്ലോറിഡയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 244/4 എന്നതായിരുന്നു മുമ്പത്തെ മികച്ച പ്രകടനം.

3. ഒരു ടി20 ഇന്നിംഗ്‌സിൽ രണ്ട് സെഞ്ച്വറി

ചരിത്രത്തിലാദ്യമായാണ് ഐസിസിയുടെ ടോപ് 10 ടീമുകൾ ഏറ്റുമുട്ടിയ ഒരു മത്സരത്തിൽ ഒരു ടീമിൽ നിന്ന് രണ്ട് താരങ്ങൾ സെഞ്ച്വറി നേടുന്നത്.

4. രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്

സഞ്ജു സാംസണും തിലക് വർമ്മയും ചേർന്ന് 210 റൺസ് കൂട്ടിച്ചേർത്തു. ഫോർമാറ്റിൻ്റെ ചരിത്രത്തിലെ രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 2024 ഫെബ്രുവരി 29 ന് നമീബിയയ്‌ക്കെതിരെ നെതർലൻഡ്‌സിൻ്റെ മൈക്കൽ ലെവിറ്റും (135) സൈബ്രാൻഡ് ഏംഗൽബ്രെക്റ്റും (75) ചേർത്ത 193 റൺസിൻ്റെ റെക്കോഡ് ഇവർ മറികടന്നു.

5. ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ

ഇന്ത്യ അവരുടെ ഇന്നിംഗ്‌സിൽ 23 സിക്‌സറുകൾ പറത്തി തങ്ങളുടെ തന്നെ മുൻ റെക്കോഡിന്  ഒപ്പമെത്തി. 2024 ഒക്‌ടോബർ 12 ന് ബംഗ്ലാദേശിനെതിരെയാണ് ഇതിനുമുമ്പ് ഏറ്റവും മികച്ച 22 സിക്സ് പിറന്നത്.