മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും നേരെ വംശീയ അധിക്ഷേപം ഉണ്ടായതില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടും നാലാം ദിനവും കാണികള്‍ അപമാനിക്കല്‍ തുടര്‍ന്നു.
കാണികളുടെ ഭാഗത്ത് നിന്നും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപം ഉയര്‍ന്നതോടെ എട്ട് മിനിറ്റോളം കളി നിര്‍ത്തിവെച്ചു. സിറാജ് പരാതി പറഞ്ഞതോടെയാണ് കളി നിര്‍ത്തിവെച്ചത്. ചായക്ക് പിരിയുന്നതിന് മുന്‍പ് ഫൈനല്‍ ലെഗില്‍ സിറാജ് ഫീല്‍ഡ് ചെയ്യുമ്പോഴാണ് സംഭവം.
തുടര്‍ന്ന് ആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനഃരാരംഭിച്ചത്. മൂന്നാം ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സംഭവം അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.
മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ ട്വീറ്റ് ചെയ്തു. “സിഡ്നിയില്‍വച്ച് മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം ഉണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കി. മത്സരത്തിനിടെ മദ്യപിച്ചെത്തിയ കാണികളില്‍ ചിലരാണ് വംശീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇക്കാര്യം മാച്ച് റഫറിയുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്” ബോറിയ മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു.