ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് സിഡ്‌നിയില്‍ തുടക്കമായിരിക്കുകയാണ്. തുടക്കത്തില്‍ മഴ തടസ്സപ്പെടുത്തിയെങ്കിലും, മണിക്കൂറുകള്‍ക്ക് ശേഷം കളി പുനരാരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു സംഭവം സിഡ്നിയില്‍ അരങ്ങേറി.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കകാരനായ മുഹമ്മദ് സിറാജ് ദേശീയഗാനം കേട്ട് കണ്ണീരണിഞ്ഞതാണ് ആരാധകരുടെ മനം കവര്‍ന്നത്. താരത്തിന്റെ ദേശ സ്‌നേഹത്തിന്റെയും ക്രിക്കറ്റിനോടുള്ള അതിയായ താത്പര്യത്തിന്റെയും അടയാളമായാണ് ആരാധകര്‍ ഇതിനെ വിലയിരുന്നത്. താരത്തോടുള്ള ഇഷ്ടവും ബഹുമാനവും കൂടിയെന്നും ആരാധകര്‍ പറയുന്നു.
സിഡ്നിയില്‍ സിറാജ് കണ്ണീരു വാര്‍ക്കുന്നതു കണ്ട് തൊട്ടടുത്ത് നിന്ന ജസ്പ്രീത് ബുംറ എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ മറുപടി സിറാജ് ചിരിയിലൊതുക്കി. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നേരത്തെ ടി20 ടീമില്‍ അരങ്ങേറ്റം നടത്തിയതിന് ശേഷം ദേശീയഗാനം കേട്ടപ്പോഴും സിറാജ് കണ്ണീരണിഞ്ഞിരുന്നു.
മത്സരത്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ഓസീസിന് ആദ്യ പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നതും സിറാജാണ്. പരിക്ക് ഭേദമായി ടീമില്‍ തരിച്ചെത്തിയ വാര്‍ണര്‍ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചപ്പോള്‍ വാര്‍ണര്‍ക്ക് പിഴച്ചു. എഡ്ജായ പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പൂജാരയുടെ കൈകളിലേക്ക്. വെറും അഞ്ച് റണ്‍സാണ് വാര്‍ണര്‍ക്ക് നേടാനായത്.