നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ മുഹമ്മദ് ഷമി ഫോർമാറ്റ് ഏതായാലും തനിക്ക് അവസരം കിട്ടിയാൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കാറുണ്ട്. വർഷങ്ങളായി, ടീമിന്, പ്രത്യേകിച്ച് ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഒഴിച്ചുകൂടാനാവാത്ത വിധം ഷമി തൻ്റെ നിലവാരം ഉയർത്തിയിട്ടുണ്ട്. എന്നിട്ടും, കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിലെ ആദ്യ കുറച്ച് മത്സരങ്ങളിൽ ഷമി ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ്റെ ഭാഗമാകാതിരുന്നപ്പോൾ അത് ആരാധകർക്ക് അതിശയമായി. എന്നിരുന്നാലും, ഹാർദിക് പാണ്ഡ്യയുടെ പരിക്കിനെത്തുടർന്ന് ഷമിക്ക് ടീമിൽ സ്ഥാനം ലഭിച്ച ശേഷം അദ്ദേഹം മടങ്ങിയത് ടൂർണമെൻ്റിലെ ടോപ്പ് വിക്കറ്റ് ടേക്കർ എന്ന ടാഗുമായിട്ടാണ്.
അടുത്തിടെ സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിനിടെ ലോകകപ്പിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ മികച്ച പ്രകടനം കാഴ്ചവച്ചു എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച് പിന്നീട് ചിന്തിച്ചിട്ടില്ലെന്ന് ഷമി പറഞ്ഞു. “എനിക്ക് ഒഴിവാക്കലുകൾ ശീലമാണ്. അവസരം കിട്ടിയാൽ ഞാൻ കളിക്കും ” തുടക്കത്തിൽ ടീമിൽ നിന്ന് പുറത്തായതിന് ശേഷം ടീമിലേക്കുള്ള തൻ്റെ മികച്ച തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഷമി പറഞ്ഞു.
“2015, 2019, 2023 വർഷങ്ങളിൽ, എനിക്ക് ആദ്യം അവസരം kittiyill. എനിക്ക് അവസരം ലഭിച്ചപ്പോൾ, നല്ല പ്രകടനം നടത്താനായി. ദൈവത്തിന് നന്ദി. ശേഷം നായകനും പരിശീലകനും എന്നെ ഒഴിവാകുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചില്ല. അവസരം ലഭിച്ചാൽ നന്നായി കളിക്കാം. അല്ലെങ്കിൽ ടീമിന് വെള്ളം നല്കാൻ ഗ്രൗണ്ടിൽ ഇറങ്ങാം ”അദ്ദേഹം പറഞ്ഞു.
തങ്ങളെ ഷമി കളിയാക്കുന്നത് കണ്ട് സദസിൽ ഉണ്ടായിരുന്ന രോഹിത്തിനും ദ്രാവിഡിനും ചിരി അടക്കാനായില്ല. ഷമിയുടെ പരാമർശത്തോടുള്ള അവരുടെ പ്രതികരണം വൈറലാണ്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. പരിക്കിൻ്റെ പ്രശ്‌നങ്ങൾ അദ്ദേഹത്തെ ഒഴിവാക്കി. സെപ്തംബർ 19 ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് താരം ഇറങ്ങുമെന്ന് കരുതപ്പെടുന്നു.